തിരുവനന്തപുരം– സര്‍ക്കാര്‍ കുടിശിക നല്‍കാത്തതിനെ തുടർന്ന് ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം കഴിഞ്ഞ ദിവസം കമ്പനികൾ നിർത്തലാക്കിയതോടെ സർക്കാർ മെഡിക്കൽ കോളേജ് ഉൾപ്പെടെ അഭയം തേടുന്ന രോഗികൾ പ്രതിസന്ധിയിൽ. ഏകദേശം കഴിഞ്ഞ ഒന്നര വർഷത്തെ കുടിശികയായി 158.58 കോടിയാണ് വിവിധ കമ്പനികൾക്ക് നൽകാനുള്ളത്. ഇതിനെ തുടർന്നാണ് കമ്പനികൾ ഉപകരണങ്ങൾ നിർത്തലാക്കാൻ തീരുമാനിച്ചത്. ഹൃദ്രോഗചികിത്സയുമായി ബന്ധപ്പെട്ട ആന്‍ജിയോപ്ലാസ്റ്റിക്ക് ആവശ്യമായ കൊറോണറി സ്റ്റെന്റ്, കത്തീറ്റര്‍, ഗൈഡ് വയര്‍, ബലൂണ്‍ പോലെയുള്ള ഉപകരണങ്ങളുടെ വിതരണമാണ് നിർത്തലാക്കിയിരിക്കുന്നത്. ഇതോടെ നിലവിലെ സ്‌റ്റോക്ക് തീരുന്നതോടെ ഹൃദയശസ്ത്രക്രിയകള്‍ മുടങ്ങിയേക്കും.
ആന്‍ജിയോപ്ലാസ്റ്റിക്ക് ചികിത്സക്കായി സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത് ലക്ഷങ്ങളാണ്. അതിനാൽ തന്നെ ഇത് ഏറ്റവും കൂടുതൽ ബാധിക്കുക സാധാരണക്കാരായ രോഗികൾക്കാണ്.നിലവിൽ ഈ ചികിത്സക്കായി ആയിരക്കണക്കിന് പേരാണ് സർക്കാർ ആശുപത്രികളെ ആശ്രയിച്ചിരുന്നത്.
ഇതിനൊരു പരിഹാരം സർക്കാർ ഉടൻ കണ്ടെത്തിയില്ലെങ്കിൽ മെഡിക്കൽ രംഗത്തെ ഏറ്റവും വലിയ വീഴ്ചയായിരിക്കുമിത്. ഒപ്പം ദരിദ്ര രോഗികൾ നിസ്സഹായരായി മാറുകയും ചെയ്യും. സർക്കാർ അടിയന്തിര പരിഹാരം കാണണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്.