ഇരുണ്ട സ്ഥലത്ത് ഒറ്റക്കിരിക്കുന്ന ടീനേജ് പ്രായത്തിലുള്ള കുട്ടികളെ കാണാറില്ലേ? എന്തിനെന്നറിയാതെ അസ്വസ്ഥരാകുന്ന, സുഹൃത്തുക്കളിൽ നിന്ന് അകലാൻ ആഗ്രഹിക്കുന്ന, കാര്യമില്ലാതെ ദേഷ്യപ്പെടുന്ന കൗമാരക്കാർ. വളരെ ആക്ടിവായി നിൽക്കേണ്ട പ്രായത്തിൽ ഇങ്ങനെ വാടിത്തളർന്നു നിൽക്കുന്ന ഒരുപാട് കുട്ടികൾ നമ്മൾക്കിടയിലുമുണ്ടാകും.
ഉത്കണ്ഠയും വിഷാദവും രോഗങ്ങളായി കുട്ടികളെ പിടികൂടുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്നത് വളരെ ഏറെയാണെ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ (സിഡിസി)യുടെ കണക്കുകൾ പ്രകാരം അമേരിക്കയിലെ കൗമാരക്കാരിൽ 40 ശതമാനവും ഏതെങ്കിലും വിധത്തിലുള്ള ഉത്കണ്ഠ, അല്ലെങ്കിൽ വിഷാദ രോഗങ്ങളുടെ തടവറയിലാണ്. ഇതിൽ 20 ശതമാനം ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്നവരാണ്. ഒമ്പത് ശതമാനം ആത്മഹത്യ ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിയവരും.
16-നും 24-നുമിടയിൽ പ്രായമുള്ളവരിൽ 25.8 ശതമാനം പേരും മാനസിക അസ്വസ്ഥത നേരിടുന്നു എന്നാണ് യു.കെയിലെ എൻഎച്ച്എസ് മെന്റൽ ഹെൽത്ത് സർവേ 2025 പറയുന്നത്. 2016-ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്ന കൗമാര – യുവാക്കൾ 13.5 ശതമാനമുണ്ട്. ഒരു പതിറ്റാണ്ടിനിപ്പുറം ഇതിൽ കാര്യമായ വർധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. ആൺകുട്ടികളെയും യുവാക്കളെയും അപേക്ഷിച്ച് പെൺകുട്ടികളിയും യുവതികളിലുമാണ് ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നത്.
പുതിയ കാലത്തെ ജീവിതശൈലീ മാറ്റങ്ങൾ, പ്രത്യേകിച്ചും സോഷ്യൽ മീഡിയയാണ് ഈ പ്രതിസന്ധിയിൽ പ്രധാന വില്ലൻ എന്ന് പഠനങ്ങൾ പറയുന്നു. 2023-ലെ പ്യൂ റിസർച്ച് കണക്കുകൾ പ്രകാരം 46 ശതമാനം കൗമാരക്കാരും സൈബർ ബുള്ളിയിംഗ് നേരിടുന്നുണ്ട്. ഇൻസ്റ്റഗ്രാം, ടിക്ടോക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വരുന്ന കണ്ടന്റുകൾ കൗമാരക്കാരിൽ യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത ഒരു മായിക ലോകം സൃഷ്ടിക്കുന്നു. അതിൽ ആകൃഷ്ടരായി സ്വന്തം ജീവിതം ചിട്ടപ്പെടുത്തുമ്പോൾ നേരിടുന്ന പ്രശ്‌നങ്ങൾ ഉത്കണ്ഠയിലേക്കും വിഷാദത്തിലേക്കും നയിക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
2020-23 കാലഘട്ടത്തിൽ ലോകത്തെ വലച്ച കോവിഡ് മഹാമാരിയാണ് ഈ അവസ്ഥയുടെ മറ്റൊരു കാരണം. സ്‌കൂൾ അടച്ചുപൂട്ടലും ഒറ്റപ്പെടലും ചെറുപ്പക്കാരിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ 24 മുതൽ 31 ശതമാനം വരെ വർധിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സമ്മർദവും കാലാവസ്ഥാ വ്യതിയാനവും മറ്റ് കാരണങ്ങളാണ്. 2025-ൽ യുവാക്കളിൽ 85 ശതമാനം പേരും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
ഉത്കണ്ഠയും വിഷാദവും കൗമാരക്കാരെ ഉറക്കമില്ലായ്മ, ഹൃദയ പ്രശ്‌നങ്ങൾ, പഠനക്കുറവ്, ലഹരി ഉപയോഗത്തിനുള്ള പ്രവണത തുടങ്ങിയവയിലേക്ക് നയിക്കുന്നു. ഡബ്ല്യുഎച്ച്ഒ-യുടെ 2025 ഡാറ്റ പ്രകാരം, 15 മുതൽ 19 വരെയുള്ളവരുടെ മരണത്തിന്റെ മൂന്നാമത്തെ പ്രധാന കാരണം ആത്മഹത്യയാണ്. ഇന്ത്യയിൽ, 35% ആത്മഹത്യകളും യുവാക്കളുടേതാണ്.
നിശ്ശബ്ദമായി പുതിയ തലമുറയിൽ പടരുന്ന ഈ പ്രശ്‌നത്തിന് കൃത്യസമയത്ത് പരിഹാരം തേടുക എന്നത് പ്രധാനമാണ്. ഉത്കണ്ഠയും വിഷാദവും ഒരു രോഗമായി മാറുമ്പോൾ അത് തിരിച്ചറിയുക എന്നതാണ് ഒന്നാമത്തെ കാര്യം. നിരന്തരമായ ദുഃഖം, ഉറക്കമില്ലായ്മ, ശ്രദ്ധക്കുറവ്, കൈകാലുകൾ വിറക്കൽ, അകാരണമായ ദേഷ്യം തുടങ്ങിയവ തിരിച്ചറിഞ്ഞാൽ മാനസികാരോഗ്യ വിദഗ്ധരുടെ അഭിപ്രായമെടുക്കുന്നത് നന്നായിരിക്കും. സോഷ്യൽ മീഡിയയുടെയും സ്മാർട്ട് ഡിവൈസുകളുടെയും ഉപയോഗം കുറക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ, തുറന്നു സംസാരിക്കാനുള്ള അവസരങ്ങൾ, മുൻവിധിയില്ലാതെ കേൾക്കാനും കൂടെ നിൽക്കാനും രക്ഷിതാക്കൾക്കുള്ള സന്നദ്ധത എന്നിവയും ഈ പ്രതിസന്ധിയെ നേരിടാൻ കൗമാരക്കാരെ സഹായിക്കും.