അബൂദാബി– സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും അപകടം വരുത്തുന്ന രീതിയിൽ ബസിന്റെ പ്രവർത്തനം തടസപ്പെടുത്തുന്ന വിദ്യാർഥികൾക്ക് സ്കൂൾ ബസുകളിൽ വിലക്കേർപ്പെടുത്തുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐടിസി). മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്ന വിദ്യാർത്ഥികളെയും ബസിൽ നിന്നും വിലക്കുമെന്നും മുന്നറിയിപ്പുണ്ട്. സ്കൂൾ ബസിലെ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരേയാണ് കർശനനടപടികൾ സ്വീകരിക്കുക.
വിദ്യാർഥികൾക്ക് ബസ് പ്രവേശനം നിഷേധിക്കപ്പെടുന്നത് ഒഴിവാക്കാൻ രക്ഷിതാക്കൾ നിർദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് നൽകണം. അപേക്ഷയിൽ ഒപ്പിടാൻ വിസമ്മതിക്കുന്ന രക്ഷിതാക്കളുടെ കുട്ടികൾക്കും ബസിൽ പ്രവേശനമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, സ്കൂൾ ബസുകളിൽ പിന്തുടരേണ്ട സുരക്ഷാ, പ്രവർത്തന മാർഗനിർദേശങ്ങൾ നേരത്തേ അറിയിച്ചിട്ടുണ്ട്. 11 വയസ്സിൽ താഴെയുള്ള വിദ്യാർഥികളുള്ള ബസുകളിൽ ഒരു സൂപ്പർവൈസർ ഉണ്ടായിരിക്കണം. എല്ലാ വിദ്യാർഥികൾക്കും സീറ്റുകൾ ഉൾപ്പടെ മതിയായ സൗകര്യങ്ങൾ ഒരുക്കേണ്ട ചുമതല സൂപ്പർവൈസറുടെതാണ്. വിദ്യാർഥികളിൽ സുരക്ഷിതമായ പെരുമാറ്റത്തെക്കുറിച്ച് അവബോധം വളർത്തണം. അബൂദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന്റെ നിർദേശാനുസരണം മാത്രം ബസ് ഫീസ് ഈടാക്കണം. കുട്ടികൾ വാഹനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോളും സുരക്ഷ ഉറപ്പാക്കാനും അപകടസാധ്യതകൾ ഒഴിവാക്കാനും മുൻകരുതൽ സ്വീകരിക്കുകയും വേണം.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ രക്ഷിതാക്കൾക്കും നിർണായക പങ്കുണ്ടെന്ന് അധികൃതർ വിശദീകരിച്ചു. നിശ്ചിതസമയങ്ങളിൽ കുട്ടികളെ സ്കൂളിലേക്ക് വിടാനും ബസ് സ്റ്റോപ്പിൽ നിന്നും തിരിച്ച് കൂട്ടിക്കൊണ്ടുപോകാനും ശ്രദ്ധിക്കണം. ബസുകൾക്കുണ്ടാക്കുന്ന നാശനഷ്ടങ്ങൾക്ക് പണം നൽകണമെന്നും നടപടികൾ ഒഴിവാക്കാൻ ബസിലെ സുരക്ഷാനിയമങ്ങൾ തങ്ങളുടെ കുട്ടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.