തിരുവനന്തപുരം– യൂത്ത് കോൺഗ്രസ് നേതാവും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കൽ തുടങ്ങി. തിങ്കളാഴ്ച അഡ്വ. ഷിന്റോ സെബാസ്റ്റ്യന്റെ മൊഴി തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസിൽ രേഖപ്പെടുത്തി.
എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഷിന്റോ നൽകിയ പരാതിയിൽ, രാഹുൽ ഒരു യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്ന് ആരോപിക്കുന്നു. ഗുരുതര വകുപ്പുകൾ ചേർക്കേണ്ട കുറ്റകൃത്യമാണ് ഇതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ബാലാവകാശ കമീഷനിലും പരാതി നൽകിയിരുന്നു. പരാതിയുടെ വിശദാംശങ്ങളും മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകളും ഷിന്റോ അന്വേഷണ സംഘത്തിന് കൈമാറി.
“രാഹുലിന്റെ അതിക്രമത്തിന് ഇരയായ യുവതിക്ക് പരാതിയുമായി മുന്നോട്ടുപോകാൻ അനുകൂലമായ അന്തരീക്ഷം ഇപ്പോഴില്ല. സൈബർ ആക്രമണങ്ങൾ ശക്തമാണ്. ഇരകൾക്ക് പരാതി നൽകാൻ പ്രോത്സാഹനം നൽകണം,” മൊഴിയെടുക്കലിന് ശേഷം ഷിന്റോ മാധ്യമങ്ങളോട് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളെ ശല്യപ്പെടുത്തിയെന്ന ആരോപണത്തിൽ ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. ഡിവൈ.എസ്.പി എൽ. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. രാഹുലിനെതിരെ 13 പരാതികൾ ലഭിച്ചിട്ടുണ്ട്, ഇതിൽ 10 എണ്ണം സംസ്ഥാന പൊലീസ് മേധാവിക്ക് ഇ-മെയിൽ വഴിയാണ് ലഭിച്ചത്.
ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്ന് ആരോപിക്കപ്പെടുന്ന യുവതിയുടെ മൊഴി നിർണായകമാണ്. ഇവരുടെ മൊഴി ഉടൻ രേഖപ്പെടുത്താൻ അന്വേഷണ സംഘം ശ്രമിക്കുന്നു. മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ചവരെ നേരിട്ട് കണ്ട് വിവരങ്ങൾ ശേഖരിക്കും. മൂന്ന് വനിതാ മാധ്യമപ്രവർത്തകരുടെ മൊഴിയും രേഖപ്പെടുത്തും. എന്നാൽ, ഇരകളിൽ ആരും ഇതുവരെ നേരിട്ട് പരാതി നൽകിയിട്ടില്ല.
സെപ്റ്റംബർ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി, ക്രൈംബ്രാഞ്ച് കേസിന്റെ വിശദാംശങ്ങളും എഫ്.ഐ.ആർ വിവരങ്ങളും സ്പീക്കർ എ.എൻ. ഷംസീറിന്റെ ഓഫിസിന് കൈമാറി. ഷിന്റോ സെബാസ്റ്റ്യന്റെ മൊഴി ഉൾപ്പെടെ സമർപ്പിച്ച റിപ്പോർട്ട്, സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് സ്പീക്കർക്ക് നൽകിയത്. പരാതിക്കാരുടെ മൊഴികളും തെളിവുകളും ശേഖരിച്ച ശേഷം രാഹുലിനെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.