ജിദ്ദ– അഴിമതി കേസുകളിൽ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥർ അടക്കം 138 പേരെ അറസ്റ്റ് ചെയ്തു. ആഗസ്ത് മാസത്തിലെ പിടിയിലായവരുടെ കണക്ക് ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റിയാണ് പുറത്തുവിട്ടത്. കൈക്കൂലി, അധികാര ദുർവിനിയോഗം എന്നീ കേസുകളിൽ ആകെ 416 പേരെയാണ് കഴിഞ്ഞ മാസം ചോദ്യം ചെയ്തത്. ഇക്കൂട്ടത്തിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞ 138 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ആഭ്യന്തര, പ്രതിരോധ, നാഷണൽ ഗാർഡ്, മുനിസിപ്പൽ-പാർപ്പിടകാര്യ, ആരോഗ്യ, നീതിന്യായ, വിദ്യാഭ്യാസ, മാനവശേഷി, വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥരും സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥരും അറസ്റ്റിലായ കൂട്ടത്തിലുണ്ട്. പ്രതികൾക്കെതിരായ കേസുകൾ കോടതിക്ക് കൈമാറുന്നതിനു മുന്നോടിയായി നിയമാനുസൃത നടപടികൾ പൂർത്തിയാക്കിവരികയാണ്. അഴിമതിയും അധികാര ദുർവിനിയോഗവും മറ്റും സംശയിച്ച് ആഗസ്തിൽ വിവിധ പ്രവിശ്യകളിൽ 1,851 ഫീൽഡ് പരിശോധനകളാണ് നടത്തിയതെന്നും ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു.