അബുദാബി: പ്രവാസത്തിന്റെ അരനൂറ്റാണ്ടിന് ആദരവായുള്ള സംരംഭത്തിന്റെ ഭാഗമായി ഹൃദയശസ്ത്രക്രിയ പൂർത്തിയാക്കിയ കുട്ടികളുടെ പെരുന്നാൾദിനം അവിസ്മരണീയമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി.
മകളുടെ ഭർത്താവും വി. പി എസ് ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ നടപ്പാക്കിയ ഗോൾഡൻ ഹാർട്ട് സംരംഭത്തിലൂടെ പുതു ജീവിതത്തിലേക്ക് കടക്കുന്ന കുട്ടികളുമായും അവരുടെ കുടുംബാംഗങ്ങളുമായാണ് യൂസഫലി പ്രത്യേക ഓൺലൈൻ കൂടികാഴ്ചയിലൂടെ സംസാരിച്ചത്.
സാമ്പത്തിക പ്രയാസങ്ങളും സംഘർഷ സാഹചര്യങ്ങളും കാരണം ഹൃദയ ശസ്ത്രക്രിയ നടത്താനാകാതെ ബുദ്ധിമുട്ടിയ 50 കുട്ടികൾക്കാണ് ഗോൾഡൻ ഹാർട്ട് ഇനീഷ്യേറ്റിവ് ആശ്വാസമേകിയത്.ഇതിൽ 25 കുടുംബങ്ങളിൽനിന്നുള്ള കുട്ടികൾ ഓൺലൈനിലൂടെ നടന്ന കൂടിക്കാഴ്ചയുടെ ഭാഗമായി.
കുട്ടികളുടെ ചികിത്സാ പുരോഗതി യൂസഫലി ചോദിച്ചറിഞ്ഞു. പത്നി ഷബീറ യൂസഫലി, ഡോ.ഷംസീർ വയലിൽ, ഷബീന യൂസഫലി, പേരകുട്ടികൾ എന്നിവരും കൂടികാഴ്ച്ചയിൽ പങ്കെടുത്തു.