കാസർകോട് : റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലം മാറ്റം. ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്നാണ് സൂചന. ആറു മാസം മുമ്പ് തന്നെ സ്ഥലം മാറ്റത്തിന് ബാലകൃഷ്ണൻ അപേക്ഷിച്ചിരുന്നതായും സൂചനയുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉണ്ടായ റിയാസ് മൗലവി കൊലപാതക കേസിലെ വിധി ഏറെ ചർച്ചയായിരുന്നു.
മാർച്ച് 30 നാണ് കേസിൽ വിധി പറഞ്ഞത്. പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടെന്ന വിധി കേരളത്തെ മുഴുവൻ ഞെട്ടിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളും സർക്കാരും വിധിക്കെതിരെ രംഗത്ത് എത്തിയിരുന്നു. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിൻ കുമാർ, അഖിലേഷ് എന്നിവർ ആയിരുന്നു പ്രതികൾ. റിയാസ് മൗലവി കൊല്ലപ്പെട്ട് ഏഴ് വർഷങ്ങൾക്കിപ്പുറം മൂന്ന് പ്രതികളെയും കോടതി വെറുതെ വിടുമ്പോൾ നീതി നിഷേധിക്കപ്പെട്ടു എന്ന് കുടുംബവും ആക്ഷൻ കമ്മിറ്റിയും പ്രോസിക്യൂഷനുമെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞിരുന്നു. വിധി കേട്ട ഉടൻ പൊട്ടിക്കരഞ്ഞു കൊണ്ടാണ് റിയാസ് മൗലവിയുടെ ഭാര്യ സൈദ പ്രതികരിച്ചത്.
വിധി ന്യായത്തിൽ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വൻ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കോടതി വിമർശിച്ചിരുന്നു. പ്രതികൾക്ക് ആർ. എസ്. എസ് ബന്ധമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. നിലവാരമില്ലാത്തതും ഏകപക്ഷീയവുമായ അന്വേഷണമാണ് നടന്നത്. മരണത്തിന് മുമ്പ് റിയാസ് മൗലവി ഇടപഴകിയവരെ കണ്ടെത്താനുള്ള അവസരം നഷ്ടമാക്കിയെന്നും കോടതി വിമർശിച്ചിരുന്നു. അതേസമയം വിധിക്കെതിരെ സർക്കാർ, ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടാണ് അപ്പീൽ നൽകാൻ നടപടി എടുത്തത്. അതിനിടയിൽ ആണ് ജഡ്ജിക്ക് ആലപ്പുഴയിലേക്ക് മാറ്റം ലഭിച്ചിരിക്കുന്നത്.