1932 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ്, ആഗസ്റ്റ് 11ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഗ്രൂപ്പ് റൗണ്ടിലെ അവസാന ഹോക്കി മത്സരം. അന്നത്തെ നിയമമനുസരിച്ച് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമാകും വിജയി. ഇന്ത്യൻ ടീമിന് സ്വർണം നേടാൻ ഒരു സമനില തന്നെ ധാരാളം. ഇന്ത്യൻ അറ്റാക്കിങ് താരങ്ങൾ അമേരിക്കൻ ടീമിന്റെ ഗോൾ വല നിറക്കുന്നതാണ് അന്ന് ഗ്രൗണ്ടിൽ കണ്ടത്.
ആദ്യ പകുതിയിൽ തന്നെ പത്തിലേറെ ഗോളുകൾക്ക് മുന്നിൽ എത്തി കഴിഞ്ഞിരുന്നു. അതിന് ചുക്കാൻ പിടിക്കാൻ ഒരു അലഹബാദ് സ്വദേശിയായ 27 വയസ്സുകാരൻ. ആദ്യ പകുതി അവസാനിച്ചപ്പോൾ ആ താരത്തിന്റെ സ്റ്റിക്കിൽ എന്തോ മാന്ത്രികത ഉണ്ടെന്നും അത് ഉപയോഗിച്ച് കളിക്കാൻ പാടില്ലെന്നും അമേരിക്കൻ താരങ്ങൾ റഫറിയോട് പരാതി പറയുന്നു. ആശയക്കുഴപ്പത്തിലായ റഫറി താരത്തെ സമീപിക്കുകയും പരിഹാരം ആവശ്യപ്പെടുകയും ചെയ്തു. ഉടനെ തന്നെ സ്റ്റിക്ക് എതിരാളികൾക്ക് നൽകി അവരുടെ സ്റ്റിക്ക് തിരികെ എടുക്കുകയും ചെയ്തു.
എന്നാൽ രണ്ടാം പകുതിയിൽ കണ്ടത് അതിനും മാന്ത്രികത പിടിച്ച സ്റ്റിക്കാണ്. വീണ്ടും അമേരിക്കൻ വല നിറഞ്ഞ മത്സരം അവസാനിച്ചത് ഒന്നിനെതിരെ ഇരുപത്തിനാലു ഗോളുകൾക്കാണ്. ആ താരത്തിന്റെ സ്റ്റിക്കിൽ നിന്നും എട്ടു ഗോളുകളാണ് പിറന്നത്. മത്സര ശേഷമാണ് അമേരിക്കൻ താരങ്ങൾക്ക് മനസ്സിലായത് ആ സ്റ്റിക്കിൽ അല്ല മാന്ത്രികത അത് ഉപയോഗിക്കുന്ന താരമാണ് മാന്ത്രികൻ.
ഇന്ത്യൻ ഹോക്കി ടീമിനെ ലോകത്തിന്റെ നെറുകെയിൽ എത്തിച്ച ധ്യാൻ ചന്ദായിരുന്നു ആ മാന്ത്രികൻ. ലോകത്തിലെ ക്രൂര ഭരണാധികാരി എന്നറിയപ്പെടുന്ന ഹിറ്റ്‌ലറിനെ വരെ സല്യൂട്ട് ചെയ്യാൻ വരെ മടിച്ച അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു 1905 ആഗസ്റ്റ് 29ന്. ഉത്തർപ്രദേശിലെ അലബാദിലായിരുന്നു താരത്തിന്റെ ജനനം.
തുടർച്ചയായ മൂന്ന് ഒളിമ്പിക്സുകളിൽ ( 1928,1932,1936) ഇന്ത്യൻ ഹോക്കി ടീമിന് സ്വർണം നേടിക്കൊടുത്ത ഇദ്ദേഹത്തിന്റെ പേര് ഒരിക്കലും നമ്മൾ മറക്കാൻ പാടില്ല. 1979 ഡിസംബർ മൂന്നിന് ലോകത്തോട് വിട പറഞ്ഞ ഇദ്ദേഹത്തിന്റെ ജന്മദിനമായ ഈ ദിവസത്തെ നമ്മുടെ രാജ്യം ദേശീയ കായിക ദിനമായും ആചരിക്കുന്നു.