കോഴിക്കോട്– രാഹുല്‍ മാങ്കൂട്ടിത്തിനെതിരെയുള്ള ആരോപണത്തിന്റെ പേരില്‍ വടകര എം.പി ഷാഫി പറമ്പിലിനെ വഴിയില്‍ തടയാനും അക്രമിക്കാനുമാണ് സി.പി.എമ്മിന്റെ തീരുമാനമെങ്കില്‍ ഭരണത്തിന്റെ പേരിൽ അക്രമികളെ അഴിച്ചു വിടുന്ന കോഴിക്കോട് ജില്ലയിലെ ഒരു എം.എല്‍.എയും മന്ത്രിയും റോഡിലിറങ്ങില്ലെന്ന് മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്ററും ജന.സെക്രട്ടറി ടി.ടി ഇസ്മായിലും വ്യക്തമാക്കി.
ഷാഫി പറമ്പിലിനെ എതിരെ എന്തിന്റെ പേരിലാണ് സി.പി.എം ഗുണ്ടകള്‍ തെരുവില്‍ ഇറങ്ങുന്നത് . സുഹൃത്തായ എം.എല്‍.എക്കെതിരെ ഒരാരോപണം വന്നതില്‍ അദ്ദേഹത്തിന് എന്ത് പിഴച്ചു. ഇതിന്റെ പേരില്‍ ഷാഫി പറമ്പിലിനെതിരെ വഴിയില്‍ തടയാനും അക്രമിക്കാനും ശ്രമിക്കുന്നവരുടെ ദുഷ്ടലാക്ക് അന്നം കഴിക്കുന്ന എല്ലാവര്‍ക്കും മനസ്സിലാകും. തീകൊളളികൊണ്ട് ചൊറിയുന്ന സി.പി.എമ്മുകാരില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ മുസ്ലീംലീഗും യു.ഡി.എഫും തയ്യാറാണ്. ഇനിയും ഷാഫിയെ കാരണമില്ലാതെ തടയാനും അക്രമിക്കാനുമാണ് ഭാവമെങ്കില്‍ കൈ കെട്ടി നോക്കി നില്‍ക്കില്ല എന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.