റിയാദ് – റിയാദിലെ രണ്ട് പള്ളികളിൽ വൻതോതിൽ വൈദ്യുതി മോഷണം കണ്ടെത്തിയതായി ഇസ്‌ലാമികകാര്യ, കോള്‍ ആന്റ് ഗൈഡന്‍സ് മന്ത്രാലയം. ഒരു സൂപ്പര്‍മാര്‍ക്കറ്റും, മൂന്ന് നില സ്‌കൂളുമാണ് വൈദ്യുതി മോഷ്ട്ടിച്ചത്. അല്‍ഖുവൈഇയിലെ പള്ളിയില്‍ നിന്ന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റാണ് വൈദ്യുതി മോഷ്ടിച്ചിരുന്നത്. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന എയര്‍ കണ്ടീഷണറുകള്‍, ഉയര്‍ന്ന വൈദ്യുതി ഉപഭോഗമുള്ള ഉപകരണങ്ങള്‍, റഫ്രിജറേറ്ററുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനായി സൂപ്പര്‍മാര്‍ക്കറ്റ് പള്ളിയുടെ മീറ്ററില്‍ നിന്ന് വൈദ്യുതി മോഷ്ടിക്കുകയായിരുന്നെന്ന് മന്ത്രാലയം പറഞ്ഞു. കുറഞ്ഞ വൈദ്യുതി ഉപയോഗം വരുന്ന ലൈറ്റുകളും ബില്‍ബോര്‍ഡും സ്വന്തം വൈദ്യുതി മീറ്ററുമായി ബന്ധിപ്പിച്ചും കൂടിയ വൈദ്യുതി ആവശ്യമായ വസ്തുക്കൾക്ക് പള്ളിയിൽ നിന്നുമുള്ള വൈദ്യുതിയും ഉപയോഗിക്കുകയായിരുന്നു.
അതേസമയം, റിയാദിലെ ചാരിറ്റബിള്‍ സൊസൈറ്റിക്കു കീഴിലെ മൂന്ന് നില സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ മുഴുവന്‍ വൈദ്യുതിയും സമീപത്തെ പള്ളിയുടെ വൈദ്യുതി മീറ്ററില്‍ നിന്ന് മോഷ്ടിച്ചതായും മന്ത്രാലയം കണ്ടെത്തി. ഇതുകൂടാതെ, സ്‌കൂളിന്റെ പ്രധാന കവാടം അടച്ചുപൂട്ടല്‍, പള്ളിയിലേക്കുള്ള ഒരു വശത്തെ വഴി പിടിച്ചെടുത്ത് സ്‌കൂള്‍ പ്രവേശന കവാടമാക്കി മാറ്റല്‍, ആ വഴിയില്‍ ക്ലാസ് മുറി പണിയല്‍ എന്നീ നിയമ ലംഘനങ്ങളും കണ്ടെത്തി. ഇത് പള്ളിയിലേക്കുള്ള പ്രവേശനം തടസ്സപെടുന്നതിന് കാരണമായി.


രണ്ടു സംഭവങ്ങളിലും ഉടനടി അന്വേഷണം നടത്തിയതായി മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. പള്ളികളെയോ അവയുടെ സൗകര്യങ്ങളെയോ ബാധിക്കുന്ന ഒരു തരത്തിലുമുള്ള തട്ടിപ്പുകളും നിയമലംഘനങ്ങളും അനുവദിക്കില്ലെന്ന് മന്ത്രാലയം പറഞ്ഞു. ഇത്തരം നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 1933 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പറഞ്ഞു.