ജിദ്ദ: സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ ആരോഗ്യ മേഖലയിൽ സഹകരണത്തിനായി ഒപ്പുവെച്ച ധാരണാപത്രത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിലെ അൽ-സലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് സൗദി ആരോഗ്യ മന്ത്രാലയവും ഇന്ത്യൻ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം അംഗീകരിച്ചത്.
അതേസമയം, സിറിയയെ വിഭജിക്കണമെന്ന വിഘടനവാദ ആഹ്വാനങ്ങളെ സൗദി അറേബ്യ ശക്തമായി തള്ളി. സിറിയയിലെ എല്ലാ വിഭാഗങ്ങളും വിവേകത്തോടെ പ്രവർത്തിക്കണമെന്നും, യുക്തിക്കും സംഭാഷണത്തിനും മുൻഗണന നൽകി ഒരു പുതിയ സിറിയൻ രാഷ്ട്രം കെട്ടിപ്പടുക്കാൻ ഒന്നിച്ച് പ്രവർത്തിക്കണമെന്നും സൗദി ആഹ്വാനം ചെയ്തു.
സിറിയയിലെ ഇസ്രായേൽ കടന്നുകയറ്റവും തുടർച്ചയായ നിയമലംഘനങ്ങളും സൗദി അറേബ്യ ശക്തമായി അപലപിച്ചു. 1974-ൽ സിറിയയും ഇസ്രായേലും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ നഗ്നമായ ലംഘനമാണ് ഇസ്രായേലിന്റെ ആഭ്യന്തര ഇടപെടലുകളെന്ന് സൗദി വ്യക്തമാക്കി. സിറിയയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കാനും, സിവിൽ സമാധാനം നിലനിർത്താനും, മുഴുവൻ സിറിയൻ പ്രദേശത്തും ഭരണകൂടത്തിന്റെ പരമാധികാരം ഉറപ്പാക്കാനും സിറിയൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് സൗദി അറേബ്യ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര സമൂഹത്തോട്, സിറിയയിൽ ഇസ്രായേലിന്റെ നിയമലംഘനങ്ങൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാനും, സിറിയയുടെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കാൻ ഒപ്പം നിൽക്കാനും സൗദി അറേബ്യ ആവശ്യപ്പെട്ടു.