ദമാം: സ്നേഹത്തിന്‍റെയും സഹനത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും പാപ വിമോചനത്തിന്റെയും പ്രാര്‍ത്ഥനാ നിര്‍ഭരമായ രാപ്പകലുകള്‍ക്ക് നാന്ദി കുറിച്ച് നന്മയുടെയും സ്‌നേഹത്തിന്റെയും മാനവികതയുടെയും പരിമളം വീശി വിശ്വാസത്തിന്റെ നിറവില്‍ ഗള്‍ഫ് രാജ്യങ്ങളിലെയും സൗദിയിലെ മറ്റു മേഖലകളിലെയും വിശ്വാസികള്‍ക്കൊപ്പം കിഴക്കന്‍ പ്രവിശ്യയിലും സ്വദേശികളും വിദേശികളും ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു.
ദുഷിച്ച ചിന്തകളുടെയും പാപങ്ങളുടെയും കൂടാരങ്ങള്‍ തകര്‍ത്ത് പാപ വിമോചിതരായി ആത്മ സംസ്‌കരണം നടത്തി സ്ഫുടം ചെയ്ത മനസ്സുമായി പുതുവസ്ത്രങ്ങളും സുഗന്ധ ദ്രവ്യങ്ങളും പൂശി സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരക്കണക്കിനു വിശ്വാസികള്‍ കിഴക്കന്‍ പ്രവിശ്യിലെ പ്രത്യേകം നിശ്ചയിക്കപെട്ട മസ്ജിദുകളില്‍ ഒഴുകിയെത്തി. ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന ഒരു ഉത്തമ സാമൂഹ്യ ഐക്യത്തിന് ആഹ്വാനം ചെയ്യുന്ന പ്രഭാഷണങ്ങള്‍ക്കൊപ്പം രാജ്യത്തിന്റെ സുരക്ഷയും സമാധാനവും നന്മയും നിലനില്‍ക്കുകയും മറ്റു ആപത്തുകളില്‍ നിന്നും അള്ളാഹുവില്‍ രക്ഷ തേടികൊണ്ടുള്ള പ്രഭാഷണങ്ങളും പ്രാര്‍ഥനകളും വിവിധ മസ്ജിദുകളില്‍ ഇമാമുമാര്‍ നടത്തി. ഗാസയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന കരളലിയിക്കുന്നതായിരുന്നു.
ദമാം കിംഗ് ഫഹദ് മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്ക്കാരത്തില്‍ കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ സഊദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും സംബന്ധിച്ചു. പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് ശേഷം വിശ്വാസികള്‍ തമ്മില്‍ പരസ്പ്പരം ആലിംഗനം നടത്തിയും ആശംസകള്‍ കൈമാറിയും സ്‌നേഹം പങ്കു വെച്ചു.
ശവ്വാല്‍ അമ്പിളി വാനില്‍ ഉദിച്ചുയര്‍ന്നപ്പോള്‍ വിശ്വാസികളുടെ മനസ്സിനെ കുളിരണിയിച്ചു കടന്നെത്തിയ പെരുന്നാളിനെ സ്വീകരിക്കാന്‍ വര്‍ണാഭമായ തോരണങ്ങളും, വിവിധ നിറത്തിലുള്ള പ്രകാശപൂരിതമായ അലങ്കാര ലൈറ്റുകളും കൊണ്ടും നാടും നഗരവും വിസ്മയം തീര്‍ത്തു. ശൈത്യ കാലത്തിനു വിരാമമിട്ടു അന്തരീക്ഷം ശാന്തമായും കൂടുതല്‍ ശോഭയോടെ തിളക്കമായത്തോടെ ആഘോഷം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് കിഴക്കന്‍ പ്രവിശ്യയിലെ ജന സമൂഹം.
കിഴക്കന്‍ പ്രവിശ്യയിലെ പ്രധാന കോര്‍ണഷുകളില്‍ സാംസ്‌കാരിക, കായിക വിഭാഗം ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിനോദ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ദമാം, അല്‍ ഖോബാര്‍ അസീസിയ എന്നിവടങ്ങളില്‍ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണാഭമായ കരിമരുന്നു പ്രയോഗം ഇന്ഞ്ഞു രാത്രി അരങ്ങേറും. അസീസിയ ഹാഫ് മൂണ്‍ ബീച്ചില്‍ സ്വദേശികളും വിദേശികളുമടക്കം ആയിരകണക്കിനാളുകള്‍ വൈവിധ്യമാര്‍ന്ന കലാ കായിക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
വരുംദിനങ്ങളില്‍ ദമാമിലെ പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ കൊണ്ടുള്ള അഭ്യാസ പ്രകടനങ്ങള്‍ക്കൊപ്പം കുടുംബങ്ങള്‍ക്കാസ്വദിക്കാവുന്ന വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. സൗദിയുടെ സാംസ്‌കാരിക തനിമ നിലനിറുത്തി കൊണ്ട് തന്നെ പരമ്പരാഗത നൃത്തങ്ങളും വൈവിധ്യമാര്‍ന്ന കലാപരിപാടികളും കിഴക്കന്‍ പ്രവിശ്യിലെ പ്രധാന സാംസക്കാരിക കേന്ദ്രമായ ഇത്ത്ര ഉള്‍പ്പടെ മറ്റു പ്രധാന കേന്ദ്രങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. കിഴക്കന്‍ പ്രവിശ്യയിലെ വിവിധ മലയാളി കൂട്ടായമകള്‍ സംഗീത സാംസ്ക്കാരിക കലാ പരിപാടികളും സംഘടിപ്പുിച്ചിട്ടുണ്ട്.
മധ്യ, പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ നിന്നും നൂറു കണക്കിനാളുകള്‍ ദമാമില്‍ തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാനും വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനും എത്തിയിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയില്‍ നിന്നാവട്ടെ നിരവധിയാളുകള്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ജോര്‍ജ്ജിയ, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലേക്കും കുടുംബ സമേതം യാത്ര തിരിച്ചു. നിരവധി പ്രവാസികളും സ്വദേശികളും റിയാദിലേക്കും അസീര്‍ പ്രവിശ്യയിലേക്കും ജോര്‍ദാന്‍, എന്നീ അയല്‍രാജ്യങ്ങളിലേക്കും പോയിക്കൊണ്ടിരിക്കുന്നു. സ്വദേശികളും വിദേശികളും ഈദ് ആഘോഷത്തിനു വേണ്ടി അയല്‍ രാജ്യമായ ബഹ്‌റൈന്‍, യു.എ.ഇ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലേക്കും കാര്‍ മാര്‍ഗ്ഗം പോയി കൊണ്ടിരിക്കുന്നു.