വാഷിങ്ടൺ: ടെക്സസിലെ റിപ്പബ്ലിക്കൻ കോൺഗ്രസ് സ്ഥാനാർഥി വാലന്റീന ഗോമസ് വിശുദ്ധ ഖുർആൻ കോപ്പി കത്തിച്ചത് ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹത്തിൽ രോഷം വിതച്ചു. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഖുർആൻ കത്തിക്കുന്ന വീഡിയോ ഗോമസ് പ്രസിദ്ധീകരിച്ചത് മുസ്‌ലിം വിശ്വാസികൾക്കെതിരായ വംശീയവും വിദ്വേഷപരവുമായ പ്രവൃത്തിയായി വിമർശിക്കപ്പെട്ടു. ഇത് അന്താരാഷ്ട്ര തലത്തിൽ വ്യാപക പ്രതിഷേധത്തിന് കാരണമായി.
ഇസ്‌ലാമിക, അന്താരാഷ്ട്ര സംഘടനകൾ ഈ പ്രവൃത്തിയെ ശക്തമായി അപലപിച്ചു. “മതപരമായ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്നതും സാമൂഹിക സമാധാനത്തിനും സഹവർത്തിത്വത്തിനും ഭീഷണിയുമാണ് ഈ പ്രവൃത്തി,” സംഘടനകൾ പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രീയ പ്രചാരണത്തിൽ മതചിഹ്നങ്ങൾ ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യ മൂല്യങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് മനുഷ്യാവകാശ സംഘടനകളും അറബ്, ഇസ്‌ലാമിക രാജ്യങ്ങളും ചൂണ്ടിക്കാട്ടി.
വാലന്റീന ഗോമസിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ സംഘടനകളും ഇസ്‌ലാമിക രാജ്യങ്ങളും ആവശ്യപ്പെട്ടു.