മനാമ– ബഹ്റൈനിലെ സ്വകാര്യ ബാങ്കിൽ തട്ടിപ്പ് നടത്തിയ മുതിർന്ന ഉദ്യോഗസ്ഥൻ പിടിയിലായി. വയോധികരായ ഉപഭോക്താക്കളെ കബളിപ്പിച്ചാണ് ഇയാൾ വൻ തുക കൈക്കലാക്കിയിരിക്കുന്നത്.
ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന പ്രതി വയോധികരായ ഉപഭോക്താക്കളുടെ ഐഡന്റിറ്റികൾ മോഷ്ടിച്ച്, അവരുടെ പേര് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയായിരുന്നു. തുടർന്ന്, ബാങ്കുകളുമായുള്ള ഫോൺ സംഭാഷണങ്ങളിൽ അവരെ അനുകരിക്കാൻ വോയ്‌സ്-ചേഞ്ചിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ചതായും തെളിയിക്കപ്പെട്ടു.
38 വയസ്സുള്ള ഈ ബഹ്‌റൈനി, തന്റെ വിശ്വസ്ത ക്ലയന്റുകളുടെ അക്കൗണ്ടുകളും ഫിനാൻഷ്യൽ പോർട്ട്‌ഫോളിയോകളും മാനേജ് ചെയ്യാൻ ചുമതലയുണ്ടായിരുന്നു. ഇത് മുതലെടുത്താണ് 136,000 ബഹ്‌റൈനി ദിനാറിന് (ഏകദേശം 3 കോടി 6 ലക്ഷം ഇന്ത്യൻ രൂപ) മുകളിൽ ഇയാൾ ഉപഭോക്താക്കളിൽ നിന്ന് തട്ടിയെടുത്തത്. പ്രതി ഇപ്പോൾ ഉന്നത ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുകയാണ്.