ജിദ്ദ – ഇസ്രായേലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ഫലസ്തീന്‍ ജനതക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടരുന്നതില്‍ നിന്നും ഇസ്രായേലിനെ തടയാൻ നിയമപരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ (ഒ.ഐ.സി). 57 അറബ്, ഇസ്‌ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനിലെ (ഒ.ഐ.സി) വിദേശ മന്ത്രിമാരാണ് ആവശ്യവുമായി രംഗത്ത് വന്നത്. ഐക്യരാഷ്ട്രസഭയില്‍ ഇസ്രായേലിന്റെ അംഗത്വം താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ഏകോപിത നടപടി സ്വീകരിക്കണമെന്നും ജിദ്ദയില്‍ നടന്ന ഒ.ഐ.സി വിദേശ മന്ത്രിമാരുടെ 21-ാമത് അസാധാരണ യോഗം ആവശ്യപ്പെട്ടു.
ഗാസ മുനമ്പില്‍ ഫസ്തീനികള്‍ക്കെതിരെ വംശഹത്യ പോലുള്ള കുറ്റകൃത്യങ്ങള്‍ ഇസ്രായേൽ തുടരുന്ന സാഹചര്യത്തിൽ, യു.എന്‍ അംഗത്വ നിബന്ധനകളുടെ ലംഘനം കണക്കിലെടുത്ത് കൂടുതല്‍ പഠനം നടത്തണമെന്ന് വിദേശ മന്ത്രിമാര്‍ ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ ശിക്ഷാ ഇളവ് അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുക, നിയമ ലംഘനങ്ങള്‍ക്കും യുദ്ധക്കുറ്റങ്ങള്‍ക്കും ഇസ്രായേലിനെ ഉത്തരവാദിയാക്കുക, ഇസ്രായേലിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുക, ഇസ്രായേലിലേക്കുള്ള ആയുധങ്ങള്‍, വെടിമരുന്ന്, സൈനിക സാമഗ്രികള്‍ എന്നിവയുടെ വിതരണവും കൈമാറ്റവും ഗതാഗതവും നിര്‍ത്തുക, ഇസ്രായേലുമായുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ പുനഃപരിശോധിക്കുക എന്നിവയും വിദേശ മന്ത്രിമാര്‍ ആവശ്യപ്പെടുകയുണ്ടായി.
ഇസ്രായേല്‍ ചെയ്യുന്ന എല്ലാ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, വംശഹത്യ എന്നീ കുറ്റകൃത്യങ്ങള്‍ക്ക് തുല്യമാണ്. ഇതില്‍ അന്താരാഷ്ട്ര ക്രിമിനല്‍ നിയമപ്രകാരം ഉത്തരവാദിത്തവും പ്രോസിക്യൂഷനും ആവശ്യമാണ്. 1948 ലെ വംശഹത്യ കുറ്റകൃത്യം തടയാനും ശിക്ഷിക്കാനുമുള്ള കണ്‍വെന്‍ഷന്‍ ലംഘിച്ചുവെന്നതിന്റെ അടിസ്ഥാനത്തില്‍ അധിനിവേശ ശക്തിയായ ഇസ്രായേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് കൊണ്ടുവരേണ്ടത് പ്രധാനമാണ്. ഫലസ്തീനില്‍ ഇസ്രായേല്‍ ചെയ്തതും തുടര്‍ന്നും ചെയ്യുന്നതുമായ വംശഹത്യ കുറ്റകൃത്യങ്ങളില്‍ കണക്കുചോദിക്കുന്നത് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ തുടര്‍നടപടികള്‍ ആവശ്യമാണ്.
അടുത്ത മാസം നടക്കാനിരിക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടെ ഫലസ്തീന്‍ ജനതക്കെതിരായ ഇസ്രായേല്‍ ആക്രമണത്തെ കുറിച്ച് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ അസാധാരണമായ ഒരു സെഷന്‍ നടത്താനും, ഈ വിഷയത്തില്‍ ഫലസ്തീന്‍ രാഷ്ട്രവുമായി ഏകോപനം നടത്താന്‍ യു.എന്‍ രക്ഷാ സമിതിയിലെ അംഗരാജ്യങ്ങളുടെ പ്രതിനിധികളെ ചുമതലപ്പെടുത്താനും വിദേശ മന്ത്രിമാര്‍ രക്ഷാ സമിതിയോട് ആവശ്യപ്പെട്ടു. ഗാസ മുനമ്പില്‍ അധിനിവേശവും സമ്പൂര്‍ണ സൈനിക നിയന്ത്രണവും ഏര്‍പ്പെടുത്താനുള്ള ഇസ്രായേലിന്റെ പദ്ധതിയെയും ഫലസ്തീന്‍ ജനതയെ കുടിയിറക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു പദ്ധതിയെയും വിദേശ മന്ത്രിമാര്‍ തള്ളിക്കളയുകയും ശക്തമായി അപലപിക്കുകയും ചെയ്തു.
ഗ്രേറ്റര്‍ ഇസ്രായേല്‍ വിഷന്‍ എന്ന് വിളിക്കപ്പെടുന്നതിനെ കുറിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനകളെ മന്ത്രിമാര്‍ ശക്തമായി അപലപിക്കുകയും തള്ളിക്കളയുകയും ചെയ്തു. ഇത് തീവ്രവാദവും പ്രകോപനവും രാഷ്ട്രങ്ങളുടെ പരമാധികാരത്തിനെതിരായ ആക്രമണവും അന്താരാഷ്ട്ര നിയമത്തിന്റെയും യു.എന്‍ ചാര്‍ട്ടറിന്റെ ലംഘനവും പ്രാദേശിക, അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഗുരുതരമായ ഭീഷണിയുമാണെന്ന് വിദേശ മന്ത്രിമാർ പറഞ്ഞു. പ്രാദേശിക, അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയായ ഈ നിയമവിരുദ്ധ നടപടികള്‍, അന്താരാഷ്ട്ര മാനുഷിക നിയമം, മനുഷ്യാവകാശങ്ങള്‍, ബന്ധപ്പെട്ട യു.എന്‍ പ്രമേയങ്ങള്‍, അന്താരാഷ്ട്ര നീതിന്യായ കോടതി വിധി എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശം, ഫലസ്തീന്‍ അഭയാര്‍ഥികളുടെ മാതൃരാജ്യത്തേക്കുള്ള മടക്കം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, ജറൂസലം തലസ്ഥാനമായി 1967 ജൂണ്‍ നാലിലെ അതിര്‍ത്തിയില്‍ സ്വതന്ത്രവും പരമാധികാരവുമായ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കല്‍ തുടങ്ങിയ അവരുടെ അവകാശങ്ങള്‍ക്കുള്ള പിന്തുണയും ഒ.ഐ.സി വിദേശ മന്ത്രിമാരുടെ യോഗം വ്യക്തമാക്കി.