ന്യൂദല്‍ഹി – മദ്യനയ അഴിമതി കേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിക്കാരന് ദല്‍ഹി ഹൈക്കോടതി കോടതി അരലക്ഷം രൂപ പിഴ വിധിച്ചു. രാഷ്ട്രീയ തര്‍ക്കത്തിലേക്ക് കോടതിയെ വലിച്ചിഴയ്‌ക്കേണ്ടെന്നും രാഷ്ട്രീയ പ്രസംഗം നടത്തണമെങ്കില്‍ റോഡില്‍ പോയി നടത്തണമെന്നും കോടതി വിമര്‍ശിച്ചു.
സുപ്രീം കോടതിയോ ഹൈക്കോടതിയോ മുഖ്യമന്ത്രിമാരെ നീക്കാറില്ല. ഗവര്‍ണര്‍ ഇടപെടേണ്ട വിഷയമാണ് ഇത്. കോടതി ഇടപെടേണ്ടതല്ലെന്നും കോടതി വ്യക്തമാക്കി. ആംആദ്മി പാര്‍ട്ടി മുന്‍ എം എല്‍ എ സന്ദീപ് കുമാര്‍ ആണ് ഹര്‍ജിക്കാരന്‍. മൂന്നാം തവണയാണ് ഇതേ ആവശ്യം ഉന്നയിച്ചുള്ള കേസ് ഹൈക്കോടതി പരിഗണിക്കുന്നത്. കോടതിയില്‍ രാഷ്ട്രീയ പ്രസംഗം വേണ്ടെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
അതേസമയം, കെജ്രിവാളിന്റെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു. തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് കെജ്രിവാളിനെ ഇ ഡി അറസ്റ്റുചെയ്തതെന്ന് കെജ്രിവാളിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ അടിയന്തര വാദം കേള്‍ക്കണമെന്നും ചീഫ് ജസ്റ്റിസിനോട് അഭിഭാഷകന്‍ ആവശ്യപ്പെട്ടു.