ജിദ്ദ – ഒരു മാസം നീണ്ട ഉപാസനക്ക് പര്യവസാനമായി ഗള്‍ഫ് രാജ്യങ്ങള്‍ ഈദുല്‍ ഫിത്ര്‍ ആഘോഷ ലഹരിയില്‍. നാട്ടിലും ഗള്‍ഫിലും പെരുന്നാള്‍ ദിനം ഒത്തുവന്നത് ഇത്തവണ പ്രവാസികള്‍ക്ക് ഇരട്ടി ആഘോഷമായി. ദൈവീക കല്‍പന ശിരസ്സാ വഹിച്ച് ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെയും വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലൂടെയും പ്രാര്‍ഥനകളാലും ആരാധനാ കര്‍മങ്ങളാലും പകലിരവുകള്‍ സജീവമാക്കിയും പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞും ദാനധര്‍മങ്ങളിലൂടെ സമ്പത്ത് ശുദ്ധീകരിച്ചും മനസ്സും ശരീരവും ഊതിക്കാച്ചിയെടുത്ത് ആത്മവിശുദ്ധി നേടി ആത്മീയ ചൈതന്യത്തിന്റെ പുതിയ വിഹായസ്സുകള്‍ കീഴടക്കിയ വിശ്വാസികള്‍ ഈദുല്‍ ഫിത്ര്‍ ആഘോഷങ്ങളുടെ തിരക്കിലേക്ക് മാറി.

സുഗന്ധദ്രവ്യങ്ങള്‍ പൂശിയ പുത്തനുടുപ്പുകളും ഉടയാടകളും അണിഞ്ഞ സ്ത്രീകളും കുട്ടികളും അടക്കമുള്ള ആബാലവൃദ്ധം ജനങ്ങള്‍ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് ജുമാമസ്ജിദുകളിലും ഈദ് ഗാഹുകളിലും കൂട്ടത്തോടെയെത്തി. ലോകൈകനാഥനെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കകയും ചെയ്യുന്ന തക്ബീര്‍ ധ്വനികളാല്‍ മസ്ജിദുകളും ഈദ് ഗാഹുകളും പ്രകമ്പനം തീര്‍ത്തു. സൗദിയില്‍ ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശനുസരണം, മഴക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇത്തവണ തുറസ്സായ സ്ഥലങ്ങളില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചിരുന്നില്ല. ഇവിടങ്ങളില്‍ ജുമാമസ്ജിദുകളിലാണ് പെരുന്നാള്‍ നമസ്‌കാരം നടന്നത്. മറ്റു പ്രവിശ്യകളിലും നഗരങ്ങളിലും പതിവു പോലെ ഈദ് ഗാഹുകള്‍ നടന്നു.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ജിദ്ദ അല്‍സലാം കൊട്ടാരത്തിലാണ് പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മക്കയില്‍ വിശുദ്ധ ഹറമില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു.
ഹറമില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും ഹറം ഇമാമും ഖത്തീബുമായ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദ് നേതൃത്വം നല്‍കി. ലക്ഷക്കണക്കിന് വിശ്വാസികള്‍ ഹറമില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗള്‍ഫില്‍ നിന്നും വിശുദ്ധ റമദാനിലെ അവസാന ദിവസങ്ങള്‍ ഹറമില്‍ ചെലവഴിക്കാന്‍ മക്കയില്‍ എത്തിയവര്‍ക്കും ലോകരാജ്യങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ക്കും പുറമെ, മക്ക നിവാസികളും ജിദ്ദയില്‍ നിന്നും തായിഫില്‍ നിന്നുമടക്കമുള്ളവരും ഹറമില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ സംബന്ധിച്ച് പുണ്യം നേടി. ഹറമില്‍ നിന്ന് ഏറെ ദൂരെയുള്ള റോഡുകളും ചത്വരങ്ങളും പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തവരാല്‍ തിങ്ങിനിറഞ്ഞു. പെരുന്നാള്‍ നമസ്‌കാരം പൂര്‍ത്തിയായ ശേഷം രാജകുമാരന്മാരെയും പണ്ഡിതരെയും മുതിര്‍ന്ന സിവില്‍, സൈനിക ഉദ്യോഗസ്ഥരെയും കിരീടാവകാശി സ്വീകരിക്കുകയും പരസ്പരം പെരുന്നാള്‍ ആംശസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ഹൃദയശുദ്ധീകരണത്തിനും പരസ്പര അനുരഞ്ജനത്തിനും സഹോദരങ്ങളെ സ്‌നേഹിക്കാനും ബന്ധുക്കളുമായുള്ള ബന്ധം വര്‍ധിപ്പിക്കാനുമുള്ള ഉദാത്തമായ അവസരമാണ് ഈദുല്‍ ഫിത്ര്‍ ആഘോഷമെന്ന് പെരുന്നാള്‍ നമസ്‌കാരത്തോടനുബന്ധിച്ച ഖുതുബയില്‍ ഹറം ഇമാം പറഞ്ഞു.
മദീന മസ്ജിദുന്നബവിയില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ മദീന ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരനും ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ ഖാലിദ് ബിന്‍ ഫൈസല്‍ രാജകുമാരനും പങ്കെടുത്തു. മസ്ജിദുന്നബവി ഇമാമും ഖത്തീബുമായ ശൈഖ് ഡോ. അഹ്മദ് ബിന്‍ അലി അല്‍ഹുദൈഫി പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ക്കു വേണ്ടി മദീനയില്‍ നാലിടങ്ങളില്‍ നിന്ന് മസ്ജിദുന്നബവിയിലേക്കും തിരിച്ചും ബസ് ഷട്ടില്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്റ്റേഡിയം, ദുറത്തുല്‍മദീന, സയ്യിദുശ്ശുഹദാ, അല്‍ഖാലിദിയ ഡിസ്ട്രിക്ട് എന്നിവിടങ്ങളില്‍ നിന്ന് പുലര്‍ച്ചെ രണ്ടു മുതലാണ് മസ്ജിദുന്നബവിയിലേക്ക് ബസ് ഷട്ടില്‍ സര്‍വീസുകള്‍ നടത്തിയത്.
പെരുന്നാള്‍ നമസ്‌കാരം നടന്ന പള്ളികളിലും ഈദ് ഗാഹുകളിലും മിഠായിയും ഖഹ്‌വയും ഈത്തപ്പഴവും മറ്റും വിതരണം ചെയ്തു. പെരുന്നാള്‍ നമസ്‌കാരങ്ങള്‍ പൂര്‍ത്തിയായതോടെ വിശ്വാസികള്‍ പരസ്പരം ആശ്ലേഷിച്ച് സൗഹൃദങ്ങളും സ്‌നേഹബന്ധങ്ങളും പുതുക്കുകയും ബന്ധുക്കളെയും സുഹൃത്തുക്കളെയും മറ്റും സന്ദര്‍ശിച്ച് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയും ചെയ്തു. പൗരപ്രമുഖരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രവിശ്യാ ഗവര്‍ണര്‍മാരെ സന്ദര്‍ശിച്ച് പെരുന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗവര്‍ണര്‍മാര്‍ പണ്ഡിതരെ വീടുകളില്‍ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. ഗവര്‍ണര്‍മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ സന്ദര്‍ശിച്ച് പെരുന്നാള്‍ ആശംസകള്‍ നേരുകയും ഉപഹാരങ്ങള്‍ കൈമാറുകയും ചെയ്തു. റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍ സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ച് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.
ക്യാപ്.
പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നവരുടെ നിരകള്‍ ഹറമില്‍ നിന്നും ഏറെ ദൂരേക്ക് നീണ്ടപ്പോള്‍.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നു.