സ്റ്റീവ് ജോബ്സ് എന്ന പേരു കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ എത്തുക ആപ്പിൾ എന്ന ബ്രാൻഡ് ആയിരിക്കും. 1976 ഏപ്രിൽ ഒന്നിന് കാലിഫോർണിയ ആസ്ഥാനമായി സ്റ്റീവ് ജോബ്സും കൂട്ടുകാരായ സ്റ്റീവ് വോസ്നിയാക്ക്, റോണാൾഡ് വെയിൻ എന്നിവർ കൂടി ചേർന്ന് സ്ഥാപിച്ച ആപ്പിൾ എന്ന ബ്രാൻഡ് ലോക പ്രസിദ്ധമാവാൻ വളരെ കുറച്ച് സമയം എടുത്തിട്ടുള്ളൂ.
ഐഫോൺ, ഐപാഡ്, മാക്ബുക്ക്, ആപ്പിൾ വാച്ച് തുടങ്ങിയവയെല്ലാം ലോകത്തിനു സമ്മാനിച്ച ഇവരുടെ എല്ലാം ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാർ ഇന്നും ഏറെയാണ്. ഇതിന് വേണ്ടി പ്രവർത്തിച്ച സ്ഥാപകരിൽ ഒരാൾ എന്നു പറഞ്ഞാൽ പോരാ ബ്രാൻഡിന്റെ തലച്ചോർ തന്നെ സ്റ്റീവ് ജോബ്സ് എന്ന സാൻഫ്രാൻസിസ്കോക്കാരനായിരുന്നു.
2011ൽ ആരോഗ്യനില മോശമായതിനെ തുടർന്ന് സ്റ്റീവ് ജോബ്സ് സി.ഇ.ഒ സ്ഥാനം രാജിവച്ചു ആപ്പിളിനോട് വിട പറഞ്ഞു . പകരക്കാരനായി ടിം കുക്കിനെ നിയമിക്കുകയും ചെയ്തു.
ആ ദിവസമായിരുന്നു ആഗസ്റ്റ് 24. കുറച്ചു ദിവസങ്ങൾക്ക് ശേഷം അഥവാ ഒക്ടോബർ അഞ്ചിന് ആരോഗ്യനില വളരെ മോശമായതിനെ തുടർന്ന് അദ്ദേഹം ലോകത്തോടും വിട പറഞ്ഞു.