കണ്ണൂർ – പാനൂരിൽ ഒരാളുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കാനുമിടയായ ബോംബ് നിർമ്മാണത്തിൽ സി.പി.എമ്മിനും പോഷക സംഘടനകൾക്കും യാതൊരു പങ്കുമില്ലെന്ന നേതൃത്വത്തിൻ്റെ വാദങ്ങൾ പൊളിയുന്നു. ലോകസഭാ തെരഞ്ഞെടുപ്പു കൂടി ലക്ഷ്യമിട്ടാണ് ബോംബ് നിർമ്മാണം നടന്നതെന്നും, ഇതിന് പിന്നിൽ വലിയ ആസൂത്രണമുണ്ടെന്നും സൂചന നൽകുന്ന റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. മുഖ്യ പ്രതി ഷിജാൽ അടക്കമുള്ളവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
സി.പി.എമ്മിനെ തീർത്തും പ്രതിരോധത്തിലാക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട്.
ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും
മൂന്ന് പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുമാണ്. മുഖ്യ ആസൂത്രകനായ ഷിജാൽ, അക്ഷയ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ബോംബ് നിർമ്മാണത്തിൽ സി.പി.എമ്മിനോ പോഷക സംഘടനകൾക്കോ യാതൊരു പങ്കുമില്ലെന്നാണ് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും, ഡി.വൈ.എഫ് ഐ നേതൃത്വവും ആവർത്തിച്ച് പറഞ്ഞത്.
കേസിൽ ഇതുവരെ പിടിയിലായ മുഴുവൻ പേരും പാർട്ടി ഭാരവാഹിത്വമുള്ളവരാണ്. മാത്രമല്ല, സംഭവസ്ഥലത്തു നിന്ന് നിർമ്മാണം പൂർത്തിയാക്കിയ 11 സ്റ്റീൽ ബോംബുകളും വൻ നിർമ്മാണ സാമഗ്രികളും കണ്ടെത്തുകയും ചെയ്തിരുന്നു. മുഖ്യ പ്രതി ഷിജാൽ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി എത്തിയതാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നൽകിയ വിശദീകരണം. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയതാണെങ്കിൽ ഇയാൾ എന്തിന് ഒളിവിൽ പോയെന്നും, എങ്ങിനെ പരിക്കേറ്റുവെന്നുമുള്ള സംശയം ബാക്കിയാവുന്നു. അർദ്ധരാത്രി കർണാടകയിലേക്ക് രക്ഷപ്പെട്ടതെങ്ങനെയെന്ന ചോദ്യവും ബാക്കിയാവുന്നു.
ബോംബ് നിർമ്മാണം ദേശീയ തലത്തിൽ തന്നെ വിവാദമായതോടെ, രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പക തീർക്കാൻ നിർമ്മിച്ചതാണെന്ന പുതിയ വാദവുമായി പോലീസ് രംഗത്തുവന്നിട്ടുണ്ട്.
എന്നാൽ, പാനൂരിലെ ബോംബ് നിർമാണം രാഷ്ട്രീയ എതിരാളികളെ കൂടി ലക്ഷ്യമിട്ടാണെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബോംബ് നിർമാണത്തെ കുറിച്ച് മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡി.വൈ.എഫ്.ഐ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. അമൽ ബാബുവാണ് ബോംബുകൾ ഒളിപ്പിച്ചത്.
സ്ഫോടനം നടന്ന സ്ഥലത്ത് മണൽ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചുവെന്നും കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പാനൂർ കേസിൽ നേരിട്ട് പങ്കാളിത്തമുള്ളവരെല്ലാം ഇതിനോടകം പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഒളിവിൽ പോകാൻ ഇവർക്ക് കൂടുതൽ പേരുടെ സഹായം കിട്ടിയെന്നാണ് നിഗമനം.
ഉദുമൽപേട്ടയിലാണ് ഷിജാലുണ്ടായിരുന്നത്. ബോംബ് നിർമാണത്തിനുള്ള വസ്തുക്കൾ ഇവർക്ക് എത്തിച്ചുനൽകിയത് ആരെന്നും സ്റ്റീൽ ബോംബുണ്ടാക്കാൻ പരിശീലനം എവിടുന്ന് കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്.അതേസമയം, പ്രതികളിൽ നിരവധി ക്രിമിനൽ കേസുകൾ ഉളളവർക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ നൽകാനുള്ള നീക്കത്തിലാണ് പോലീസ്.
പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ഡിവൈഎഫ്ഐ ഭാരവാഹികൾക്കെതിരെ കുറ്റം തെളിഞ്ഞാൽ മാത്രം നടപടിയെന്നാണ് സംഘടനയുടെ നിലപാട്. യൂണിറ്റ് ഭാരവാഹികളുണ്ടെന്ന് സംസ്ഥാന, ജില്ലാ നേതാക്കൾ സ്ഥിരീകരിച്ചെങ്കിലും പ്രാദേശിക നേതൃത്വം ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്