തിരുവനന്തപുരം: ‘ടോട്ടൽ ഫോർ യു’ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിനെതിരെ മറ്റൊരു തട്ടിപ്പ് കേസ്. ഓൺലൈൻ ട്രേഡിങിന്റെ പേര് പറഞ്ഞ് അഭിഭാഷകനായ സഞ്ജയിൽനിന്ന് 34 ലക്ഷം രൂപ കവർന്നതിനാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. കോടതിയിലെ പരിചയത്തിന്റെ മറവിൽ നടത്തിയ ഇടപാടാണ് തട്ടിപ്പിലേക്ക് നയിച്ചതെന്ന് പരാതിയിൽ പറയുന്നു.
2008-ൽ കോടികളുടെ തട്ടിപ്പിന് ശബരീനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇയാൾ കേരളത്തിൽ ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നിരവധി കേസുകളിൽ വിചാരണ നേരിടുന്ന ശബരീനാഥ്, ഓൺലൈൻ ട്രേഡിങ് സ്ഥാപനം വഴി ലാഭം വാഗ്ദാനം ചെയ്താണ് പുതിയ തട്ടിപ്പ് നടത്തിയതെന്ന് വഞ്ചിയൂർ എസ്.എച്ച്.ഒ. പറഞ്ഞു. ബാങ്ക് രേഖകൾ പരിശോധനയിലാണെന്നും പൊലീസ് അറിയിച്ചു.
18 വയസ്സിൽ ‘ടോട്ടൽ ഫോർ യു’ എന്ന പേര് പറഞ്ഞ് ശബരീനാഥ് ആയിരത്തിലധികം പേരിൽനിന്ന് കോടികൾ തട്ടിയിരുന്നു. ചലച്ചിത്ര താരങ്ങൾ, ജുഡീഷ്യൽ ഓഫിസർമാർ, ബിസിനസ് പ്രമുഖർ എന്നിവർ വരെ വഞ്ചിതരായി. മെഡിക്കൽ കോളേജ്, ചാലക്കുഴി, സ്റ്റാച്യു, ക്യാപിറ്റോൾ ടവേഴ്സ്, പുന്നപുരം എന്നിവിടങ്ങളിൽ ഐനെസ്റ്റ്, എസ്.ജെ.ആർ., ടോട്ടൽ സൊല്യൂഷൻസ് എന്നീ സ്ഥാപനങ്ങൾ തുടങ്ങി, 100% വളർച്ചാനിരക്കും 20% ഏജന്റ് കമ്മിഷനും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.