മുംബൈ– റിലയൻസ് (എഡിഎ) ഗ്രൂപ്പ് ചെയർമാനും റിലയൻസ് കമ്മ്യൂണിക്കേഷൻസ് പ്രൊമോട്ടറുമായ അനിൽ അംബാനിയുടെ വീട്ടിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) റെയ്ഡ് നടത്തി. 2,929 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സിബിഐ ടീം അനിൽ അംബാനിയുടെ വസതിയിൽ പരിശോധനയ്ക്ക് എത്തിയത്.
ഇന്നലെ രാവിലെ 7 മണിയോടെ മുംബൈയിലെ കഫ്‌പാരേഡിലെ സീവെൻഡിൽ സ്ഥിതിചെയ്ത അംബാനിയുടെ വസതിയിൽ സിബിഐ റെയ്ഡ് ആരംഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വഞ്ചനാകുറ്റം ആരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനിൽ അംബാനിക്കും അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങൾക്കുമെതിരെ സിബിഐ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെയാണ് റെയ്ഡ് നടപ്പാക്കിയത്.
ജൂൺ 13-ന് എസ്ബിഐ അനിൽ അംബാനിയെയും റിലയൻസ് കമ്മ്യൂണിക്കേഷൻസിനെയും തട്ടിപ്പുകാരായി രേഖപ്പെടുത്തി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. തട്ടിപ്പ് രേഖപ്പെടുത്തിയാൽ 21 ദിവസത്തിനകം ആർബിഐയ്ക്ക് റിപ്പോർട്ട് നൽകണമെന്നും സിബിഐയെയോ പൊലീസിനെയോ അറിയിക്കണമെന്നുമാണ് ആർബിഐയുടെ മാർഗനിർദേശം. ഇതനുസരിച്ചാണ് സിബിഐ ഡൽഹിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
റെയ്ഡിനെത്തിയ സമയത്ത് അനിൽ അംബാനി, ഭാര്യ, മക്കൾ തുടങ്ങിയ കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നു. അംബാനിയുമായി ബന്ധപ്പെട്ട മറ്റ് അഞ്ച് സ്ഥലങ്ങളിലും ഇന്നലെ സിബിഐ പരിശോധന നടത്തി. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട പ്രധാന രേഖകളും ഡിജിറ്റൽ തെളിവുകളും സംഭരിക്കുകയാണ് റെയ്ഡിന്റെ പ്രധാന ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മുമ്പ് യെസ് ബാങ്ക് വായ്പാ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളുമായി ബന്ധപ്പെട്ട് അനിൽ അംബാനിയുടെ വിവിധ സ്ഥാപനങ്ങളിലും കമ്പനികളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയിരുന്നു. 2017-19 കാലയളവിൽ യെസ് ബാങ്കിൽ നടന്ന 3,000 കോടി രൂപയുടെ നിയമവിരുദ്ധ വായ്പാ വകമാറ്റം സംബന്ധിച്ച കേസാണ് ഇഡി അന്വേഷിക്കുന്നത്.