റായ്പൂര്‍ – ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. ഒരു ഡിസ്റ്റിലറിയിലെ ജീവനക്കാരുമായി പോയ ബസ് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഷിഫ്റ്റ് കഴിഞ്ഞ് തൊഴിലാളികളെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടതെന്ന് എസ്പി ജിതേന്ദ്ര ശുക്ല വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് പതിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ 14 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ജില്ലാ മജിസ്ട്രേറ്റ് റിച്ച പ്രകാശ് ചൗധരി പറഞ്ഞു. സംഭവത്തിന്റെ കാരണം കണ്ടെത്താന്‍ മജിസ്ട്രേറ്റ് തല അന്വേഷണം നടത്തുമെന്നും അതിനനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍, പ്രാദേശിക ഭരണകൂടം ഇരകളെ സാധ്യമായ എല്ലാ വിധത്തിലും സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സയ്ക്ക് മതിയായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി യും പറഞ്ഞു.