ദമ്മാം– സൗദിയിൽ കാറപകടത്തിൽ 2 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. റിയാദ്-ദമ്മാം ഹൈവേയില്‍ ഉറൈറക്കടുത്തുണ്ടായ വാഹനാപകടത്തിലാണ് തമിഴ്നാട്, ചെന്നൈ സ്വദേശി ഷാസിബ് അഹമ്മദ് മുഹമ്മദ് (35), ഹൈദരാബാദ് സ്വദേശിയായ ഷഹബാസ് മഹ്ജൂബ് അലിഷൈഖ് (34) എന്നിവർ മരിച്ചത്. ഇവര്‍ ഓടിച്ചിരുന്ന കാര്‍ റോഡ് എസ്കവേറ്ററിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത് എന്ന് സുഹൃത്തുക്കൾ അറിയിച്ചു. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരായ ഇരുവരും അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
ഒരു സ്വകാര്യ ഇലക്ട്രിക്കല്‍ ആൻഡ് കോണ്‍ട്രാക്ടിംഗ് കമ്പനിയിലെ ജീവനക്കാരാണ് ഇവർ. കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം അംഗങ്ങളായ ഹുസൈന്‍ നിലമ്പൂരിന്‍റെയും നാസര്‍ പാറക്കടവിന്‍റെയും നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം അറിയിച്ചു. മൃതദേഹം അല്‍കോബാര്‍ തുക്ബ ഖബര്‍സ്ഥാനില്‍ മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.