ജിദ്ദ– സൗദി വനിതകളിൽ 35.8 ശതമാനം പേർ അവിവാഹിതകളാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്. 52.8 ശതമാനം പേർ കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടില്ലെന്നും പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നു. പ്രത്യുൽപാദന പ്രായത്തിലുള്ള (15 വയസ് മുതൽ 49 വയസ് വരെ) സൗദി വനിതകളിൽ 52.8 ശതമാനം പേർ കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടില്ല. 47.2 ശതമാനം പേർ കുഞ്ഞുങ്ങളെ പ്രസവിച്ചവരാണെന്നും അതോറിറ്റി പുറത്തിറക്കിയ സൗദി വനിതാ റിപ്പോർട്ട് 2024 പറഞ്ഞു.
പ്രത്യുൽപാദന പ്രായത്തിലുള്ള വിവാഹിതരായ സൗദി സ്ത്രീകളിൽ 31.1 ശതമാനം പേർ കുടുംബാസൂത്രണത്തിന്റെ ഏതെങ്കിലും രീതി ഉപയോഗിക്കുന്നു. 68.9 ശതമാനം പേർ കുടുംബാസൂത്രണത്തിന്റെ ഒരു രീതിയും ഉപയോഗിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സൗദി വനിതകളുടെ ശരാശരി പ്രത്യുൽപാദന നിരക്ക് 2.7 ആണ്. രാജ്യത്തെ മൊത്തത്തിലുള്ള ശരാശരി ഫെർട്ടിലിറ്റി നിരക്ക് 2ശതമാനമാണ്. 15 വയസും അതിൽ മുകളിലും പ്രായമുള്ള സൗദി വനിതകളിൽ 54.5 ശതമാനം വിവാഹിതരാണ്. 4.3 ശതമാനം വിവാഹമോചിതരും 5.4 ശതമാനം വിധവകളും 35.8 ശതമാനം അവിവാഹിതകളുമാണ്. 15 വയസിന് മുമ്പ് വിവാഹിതരായ സൗദി സ്ത്രീകളുടെ അനുപാതം 0.3 ശതമാനമാണ്. 18 വയസിന് മുമ്പ് വിവാഹിതരായ സൗദി വനിതകളുടെ അനുപാതം 2.3 ശതമാനമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.