തിരുവനന്തപുരം – കെസിഎൽ രണ്ടാം സീസണിൽ ആദ്യം മത്സരത്തിനിറങ്ങിയ ആലപ്പി റിപ്പിൾസിനെ ഏഴു വിക്കറ്റിന് തകർത്തു തൃശൂർ ടൈറ്റാൻസ് ജയം സ്വന്തമാക്കി.
ടോസ് കിട്ടിയ തൃശൂർ ആലപ്പിയെ ബാറ്റിങിന് പറഞ്ഞയച്ചു. ആലപ്പി തുടക്കം പതറിയെങ്കിലും ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ അർദ്ധ സെഞ്ച്വറി ( 38 പന്തിൽ 56 റൺസ്), ശ്രീരൂപ് ( 23 പന്തിൽ 30 റൺസ് ) എന്നിവരുടെ മികവിൽ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് ഭേദപ്പെട്ട സ്കോറിലെത്തി. തൃശ്ശൂരിന് വേണ്ടി ഷിബിൻ ഗിരീഷ് നാലു ഓവറിൽ 23 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് നേടി.
152 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ തൃശ്ശൂർ 21 പന്തുകൾ ബാക്കിനിൽക്കെ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
തൃശ്ശൂരിന്റെ ഓപ്പണർമാരായ ആനന്ദ് കൃഷ്ണനും അഹമ്മദ് ഇമ്രാനും സ്കോർ തുടക്കം തന്നെ പടുത്തുയർത്തി. സെഞ്ച്വറി കൂട്ടുകെട്ടും പിറന്നു സ്കോർ 121ൽ നിൽക്കെ 44 പന്തിൽ 61 റൺസുമായി ഇമ്രാനെ നഷ്ടമായി. അധികം വൈകാതെ ആനന്ദ് കൃഷ്ണൻ 39 പന്തിൽ 63 റൺസുമായി മടങ്ങിയെങ്കിലും വിജയം ഉറപ്പിച്ചിരുന്നു. പിന്നാലെ എത്തിയ ഷോൺ റോജർ (8 റൺസ്), അക്ഷയ് മനോഹർ (10), അർജുൻ (1 ) കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ആലപ്പിക്ക് വേണ്ടി മുംബൈ ഇന്ത്യൻസ് താരം വിഘ്നേഷ് പുത്തൂർ രണ്ടു വിക്കറ്റ് നേടി.