മസ്കത്ത്– ഒമാനിൽ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സിഎഎ) മുന്നറിയിപ്പ്. വെള്ളിയാഴ്ച ഉച്ച മുതൽ ശനിയാഴ്ച പുലർച്ചെ വരെ നിരവധി പ്രദേശങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അൽ ഷർഖിയ സൗത്ത്, അൽ ഷർഖിയ നോർത്ത്, അൽ ദഖിലിയ, അൽ ദാഹിറ, ദോഫാർ മരുഭൂമി എന്നിവിടങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിംഗ് സെന്റർ അറിയിച്ചു. 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.
ഹജർ പർവതനിരകൾ, സമീപ പ്രദേശങ്ങൾ, അൽ വുസ്ത, ധോഫാർ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ 10 മുതൽ 25 മില്ലിമീറ്റർ വരെ മഴ ലഭിക്കാനും സാധ്യതയുണ്ട്.
40 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നത് മിന്നൽ വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 28 മുതൽ 83 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊടി ഉയരാൻ സാധ്യതയുള്ളതിനാൽ ദൃശ്യപരത കുറയുമെന്നും മുന്നറിയിപ്പിൽ പറയുന്നു.