റിയാദ്– മസ്തിഷ്‌ക മരണം സംഭവിച്ച യുഎഇ പൗരന്റെ ഹൃദയം സ്വീകരിച്ച് ഏഴ് വയസ്സുകാരനായ സൗദി ബാലൻ തിരികെ ജീവിതത്തിലേക്ക്. റിയാദ് കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ വെച്ചാണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്. യുഎഇയിൽ നിന്ന് സൗദിയിലേക്ക് വിമാനമാർഗ്ഗം എത്തിച്ച ഹൃദയം കൃത്യസമയത്ത് മാറ്റിവെക്കാൻ സാധിച്ചതാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ നിർണ്ണായകമായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജന്മനാ ഹൃദയവൈകല്യമുള്ള കുട്ടി ഹൃദയാഘാതം സംഭവിച്ച് ഏറെ നാളുകളായി മരണത്തോട് പോരാടുകയായിരുന്നു.
മരുന്നുകളും പേസ്‌മേക്കറും ഉൾപ്പെടെയുള്ള ചികിത്സകൾ ഫലിക്കാതെ വന്നതോടെ, ജീവൻ രക്ഷിക്കാൻ ഏക മാർഗം ഹൃദയമാറ്റ ശസ്ത്രക്രിയ മാത്രമായിരുന്നു. ഇതോടെ അടിയന്തിര ഹൃദയമാറ്റ ശസ്ത്രക്രിയ പട്ടികയിൽ കുട്ടിയെ ഉൾപ്പെടുത്തി അധികൃതർ നടപടികൾ വേഗത്തിലാക്കുകയായിരുന്നു. നിർണായക ഘട്ടത്തിലാണ് അബുദാബിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച ഒരു വ്യക്തിയുടെ കുടുംബം അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്. ദാതാവിൽ നിന്ന് ഹൃദയം നീക്കം ചെയ്ത് അഞ്ച് മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ പൂർത്തിയാക്കണം എന്നതായിരുന്നു ഈ ദൗത്യത്തിലെ വെല്ലുവിളി. എന്നാൽ സമയ ബന്ധിതമായി ശസ്ത്രക്രിയ പൂർത്തിയാക്കാൻ സാധിച്ചതിനാൽ ഒരു ജീവൻ നിലനിർത്താൻ കഴിഞ്ഞു.