കോഴിക്കോട്– ചൂടോടെ ഒരു ചിക്കന്‍ബിരിയാണി, അല്ലെങ്കില്‍ നെയ്‌ചോറും ബീഫും… വിശന്നുവലയുന്ന വയറിന് മാത്രമല്ല കൊതിയൂറുന്നവര്‍ക്കും ആസ്വാദനത്തിന്റെ രുചിയനുഭവമാണ് ഇവ നല്‍കുക. നെയ്‌ചോറും ബിരിയാണിയുമെല്ലാം അതീവ രുചിയോടെ തിന്നാന്‍ കഴിയണമെങ്കില്‍ അരി കയമ തന്നെയായിരിക്കണം. ആ കയമ അരിയുടെ വിലയാണ് കേരളത്തില്‍ അനുദിനം കുതിച്ചുയരുന്നത്. ജീരകശാല എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ഈ അരിക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.
കിലോക്ക് 90 രൂപ മുതല്‍ നേരത്തെ വിപണിയില്‍ കിട്ടിയിരുന്ന കയമ അരി കുറച്ചു കാലമായി 110-115 രൂപ നിരക്കിലാണ് വില്‍പ്പനക്കെത്തിയിരുന്നത്. അതിന്റെ ഇരട്ടിയുടെ മുകളിലേക്കാണ് ഇപ്പോള്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഒറ്റയടിക്കാണ് വില വര്‍ധിച്ച് 300 രൂപക്കടുത്ത് വരെ ഒരു കിലോക്ക് എന്ന തോതില്‍ ഉയര്‍ന്നത്. ഡിലൈറ്റ്ഡ് ഫുഡ്‌സ് എന്ന ബ്രാന്‍ഡ് ജീരകശാല അരിക്കാണ് വിപണിയില്‍ കിലോക്ക് 299.50 രൂപ ഈടാക്കുന്നത്. 105-110 രൂപ മുതല്‍ ലഭ്യമായിരുന്ന ഐമാക്‌സ് ഗോള്‍ഡിന് 200 രൂപയാണ് വില. ഡബിള്‍ ഹോഴ്‌സ് ജീരക ശാലയുടെ വില 201 രൂപയാണ് കിലോയ്ക്ക് ഓണ്‍ലൈനില്‍ കാണുന്നതെങ്കില്‍ 191.42 രൂപയ്ക്ക് ഡിസ്‌കൗണ്ടില്‍ കിട്ടുമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. കിലോയ്ക്ക് 110 രൂപയുണ്ടായിരുന്ന ഡിഗോണ്‍, വില്ലേജ് ബ്രാന്‍ഡുകള്‍ക്ക് പുതിയ വില 215 രൂപയാണ്. 110 രൂപയുണ്ടായിരുന്ന ട്രിപ്പിള്‍ മാന്‍ ബ്രാന്‍ഡിന് വില 225 രൂപയായി ഉയര്‍ന്നു. കെടിഎസ് ബ്രാന്‍ഡിന്റെ വില കിലോയ്ക്ക് 110-ല്‍ നിന്ന് 220 രൂപയായും വര്‍ധിച്ചു. കേരളത്തിലേക്ക് കൂടുതലായും ജീരകശാല അരി (കയമ) എത്തുന്നത് പശ്ചിമബംഗാളില്‍ നിന്നാണ്. കാലാവസ്ഥാ വ്യതിയാനം അവിടെ കൃഷിമേഖലയില്‍ ഉണ്ടാക്കിയ പ്രതിസന്ധിയാണ് അരിവിലയിലും പ്രതിഫലിച്ചതെന്ന് വിപണിയില്‍ നിന്നുള്ളവര്‍ വ്യക്തമാക്കുന്നു.
കാലാവസ്ഥാവ്യതിയാനം കാരണമുണ്ടായ കൃഷിനാശത്തിനു പുറമെ മുന്‍കൂറായി നടന്ന കയറ്റുമതിയുടെ വര്‍ധനയുമാണ് വലിയതോതിലുള്ള വില വര്‍ധനയ്ക്കു കാരണമായതെന്ന് വ്യാപാരികള്‍ പറഞ്ഞു.
സാധാരണയായി കയമ അരി വിളവെടുത്ത ശേഷം 2 വര്‍ഷം സൂക്ഷിച്ചുവെച്ച് ഉപയോഗിക്കുമ്പോഴാണ് യഥാര്‍ത്ഥ രുചിയും ഗുണമേന്മയും ലഭ്യമാവുക. എന്നാല്‍ ഇത്തരത്തില്‍ സംഭരിച്ചുവെച്ച അരി വന്‍തോതില്‍ കയറ്റുമതി ചെയ്യപ്പെട്ടതായാണ് അരി മൊത്തക്കച്ചവടക്കാര്‍ വ്യക്തമാക്കുന്നത്. ഇവയൊക്കെ വില കൂടാന്‍ കാരണമായി. കേരളീയരുടെ രുചികരമായ ഇഷ്ടഭക്ഷണങ്ങളില്‍ പ്രധാന ഇനങ്ങളായ ബിരിയാണിയും നെയ്‌ച്ചോറുമെല്ലാം കിട്ടാക്കനിയാവുന്ന രൂപത്തിലാണ് വിപണിയില്‍ കയമ അരി വില കുതിപ്പുണ്ടാവുന്നത്. വെളിച്ചെണ്ണ വിലയില്‍ വന്‍വര്‍ധനവുണ്ടായത് നേരിയ തോതില്‍ കുറഞ്ഞുവരുമ്പോഴുണ്ടായ ഈ വില വര്‍ധനവ് ബിരിയാണിയുടെ വില വര്‍ധിപ്പിക്കാന്‍ വ്യാപാരികളെ നിര്‍ബന്ധിതരാക്കി. ചിക്കന്‍, ബീഫ് ബിരിയാണികള്‍ക്ക് ചില ഹോട്ടലുകള്‍ 20 രൂപ വീതം കൂട്ടിയിട്ടുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.