പുതുതായി സ്ഥാപിതമായ ബീഹാറിലെ കിഷൻഗഞ്ച് ഇമാം ബുഖാരി സ്റ്റേറ് യൂണിവേഴ്സിറ്റിയുടെ ഗവേണിംഗ് ബോഡി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി സ്ഥാപനം സന്ദർശിച്ച ഡോ. ഹുസൈൻ മടവൂരിന് സ്വീകരണം നൽകി യൂണിവേഴ്സിറ്റി ഭാരവാഹികൾ. അടുത്ത അദ്ധ്യയന വർഷം തന്നെ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം. തുടക്കത്തിൽ ഏഴ് ഡിപാർട്ടുമെൻ്റുകളുമായാണ് തുടങ്ങുക.
1988 ൽ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകരായിരുന്ന മൗലാനാ അബ്ദുൽ മതീൻ സലഫിയുടെയും മുഹമ്മദ് അബ്ദുറഷീദ് മദനി, മുനീറുദ്ദീൻ മൗലാന തുടങ്ങിയവരുടെ നേതൃത്വത്തിൽ രൂപീകൃതമായ തൗഹീദ് എജ്യുക്കേഷനൽ ട്രസ്റ്റ് ആണ് ഈ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്. അബ്ദുൽ മതീൻ സലഫി ഇപ്പോൾ ജീവിച്ചിരിപ്പില്ല. മുതീഉ റഹ്മാനാണ് ഇപ്പോൾ ട്രസ്റ്റ് ചെയർമാൻ.


ട്രസ്റ്റിന് കീഴിൽ നാൽപത്തിയേഴ് വർഷം പിന്നിട്ട ജാമിഅത്തുൽ ഇമാം ബുഖാരിയിയിലും ആയിശ ഗേൾസ് സ്കൂളിലുമായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഫാസിൽ തലം വരെയുള്ള മതപഠനത്തോടൊപ്പം സർക്കാർ അംഗീകൃത പ്ലസ് ടൂ വരെയുളള വിഷയങ്ങളും പഠിച്ച് പരീക്ഷ എഴുതുന്നുണ്ട്. കേന്ദ്ര സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ഐ.ടി.ഐയും ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഈ കുട്ടികൾക്കും പുതിയ യൂണിവേഴ്സിറ്റിയുടെ കീഴിൽ ബിരുദ പഠനം എളുപ്പമാവും.
ബീഹാർ സംസ്ഥാന സർക്കാറിൻ്റെ അനുമതിയോടെ ആരംഭിക്കുന്ന ഇമാം ബുഖാരി യൂണിവേഴ്സിറ്റിൽ ഏറ്റവും പുതിയ ന്യൂ ജെൻ കോഴ്സുകളാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. കൂടാതെ ഹംദർദ് യൂണിവേഴ്സിറ്റിയുടെ പാരാമെഡിക്കൽ കോഴ്സുകളും നാഷനൽ ഓപ്പൺ സ്കൂളിൻ്റെ കംപ്യൂട്ടർ ഡിപ്ലോമ കോഴ്‌സുകളുമുണ്ടാവും. വിശാലമായ ലാബുകളും ലൈബ്രറിയും മറ്റു സംവിധാനങ്ങളും പൂർത്തിയായിക്കഴിഞ്ഞു.
ജാമിഅയിൽ നടന്ന പരിപാടിയിൽ ഡോ. ഹുസൈൻ മടവൂർ വിദ്യാർത്ഥികളോട് സംസാരിച്ചു. ഭാരവാഹികളായ അബുൽഹസൻ മുസ്സമ്മിലുൽ ഹഖ്, മുഹമ്മദ് അബ്ദുറഷീദ്, ഡോ. നിസാമുദ്ദീൻ , അബ്ദുൽ വാഹിദ് മദനി, തുടങ്ങിയവർ സംബന്ധിച്ചു. ഭാരവാഹികൾ നൽകിയ സ്വീകരണത്തിന്ന് ഹുസൈൻ മടവൂർ നന്ദി പറഞ്ഞു.