തെൽ അവീവ്: ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ സൈനിക ഓപ്പറേഷന്റെ ആദ്യ ഘട്ടം ആരംഭിച്ചതിന് പിന്നാലെ, ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ അവതരിപ്പിച്ച വെടിനിർത്തൽ നിർദേശത്തോട് പ്രതികരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തീരുമാനിച്ചു. ഹമാസിന്റെ പ്രതികരണം ലഭിച്ച് 48 മണിക്കൂറിന് ശേഷമാണ് ഈ തീരുമാനം പുറത്തുവന്നത്.
ഇസ്രായേൽ സ്ട്രാറ്റജിക് അഫയേഴ്സ് മന്ത്രി റോൺ ഡെർമർ പാരീസിൽ ഖത്തർ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, എല്ലാ ബന്ദികളെയും ഒറ്റയടിക്ക് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി ഇസ്രായേൽ ചാനൽ 12 റിപ്പോർട്ട് ചെയ്തു. സമീപഭാവിയിൽ വെടിനിർത്തൽ ചർച്ചകൾക്കായി പ്രതിനിധി സംഘത്തെ അയക്കാൻ ഇസ്രായേലിന് ഉദ്ദേശ്യമില്ലെന്ന് ഇസ്രായേൽ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി (കാൻ) വ്യക്തമാക്കി.
ഈജിപ്തും ഖത്തറും അവതരിപ്പിച്ച ഏറ്റവും പുതിയ വെടിനിർത്തൽ നിർദേശം ചൊവ്വാഴ്ച തന്നെ നെതന്യാഹു നിരസിക്കാനുള്ള നീക്കം പ്രകടിപ്പിച്ചിരുന്നു. എല്ലാ ബന്ദികളുടെയും മോചനം ഉറപ്പാക്കാതെ ഭാഗിക കരാറിന് തയ്യാറല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ, ഹമാസ് വളരെ പോസിറ്റീവ് ആയാണ് പ്രതികരിച്ചതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ-അൻസാരി മണിക്കൂറുകൾക്ക് മുമ്പ് അറിയിച്ചിരുന്നു.