ജിദ്ദ: ചില സിനിമാ നടന്മാരെപ്പോലെ ആകസ്മികമായി രാഷ്ട്രീയത്തിലേക്ക് എടുത്ത് ചാടിയ കുറച്ച് എഴുത്തുകാരുമുണ്ട് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി തലശ്ശേരിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് ജയിച്ച് എം.പിയായ സഞ്ചാരസാഹിത്യകാരന്‍ എസ്.കെ പൊറ്റെക്കാട് അന്ന് തോല്‍പിച്ചത് കോണ്‍ഗ്രസിന്റെ ബാനറില്‍ മാറ്റുരച്ച സാക്ഷാല്‍ സുകുമാര്‍ അഴീക്കോടിനെ. പാര്‍ലമെന്റ് ജീവിതത്തെക്കുറിച്ച് നോര്‍ത്ത് അവന്യൂ എന്ന പേരില്‍ ഡല്‍ഹി ജീവിതത്തെക്കുറിച്ച് പൊറ്റെക്കാട് ഒരു നോവല്‍ എഴുതിത്തുടങ്ങിയെങ്കിലും മുഴുമിക്കാനായില്ല. തലശ്ശേരി എം.പിയുടെ നോവല്‍ വരുന്നുവെന്ന് ചന്ദ്രിക ആഴ്ചപ്പതിപ്പ് പരസ്യം ചെയ്തിരുന്നുവെങ്കിലും പൊറ്റെക്കാടിന് അത് എഴുതിത്തീര്‍ക്കാനായില്ല.
കവി ഒ.എന്‍.വി കുറുപ്പ് തലസ്ഥാനത്ത് സി.പി.ഐ സ്ഥാനാര്‍ഥിയായി നിന്ന് പരാജയത്തിന്റെ കയ്പറിഞ്ഞു. സാറാ ജോസഫും മല്‍സരിച്ച് തോറ്റു. എന്നാല്‍ എം.കെ സാനു ഇടത് സ്വതന്ത്രനായി നിയമസഭയിലെത്തി.
അത് പോലെ ആരുടെയൊക്കെയോ സമ്മര്‍ദ്ദത്തിന് വിധേയയായി 1984 ല്‍, രാഷ്ട്രീയത്തില്‍ തീരെ പരിചയമില്ലാതിരുന്നിട്ട് കൂടി തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇറങ്ങിത്തിരിച്ച് കേവലം 1786 വോട്ടുകള്‍ മാത്രം കിട്ടി എട്ടാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടുപോയ നിരാശാജനകമായ ഒരു ചരിത്രമാണ് മലയാളത്തിന്റെ മാനസപുത്രി കമലാ സുരയ്യ എന്ന മാധവിക്കുട്ടിക്കുള്ളത്. സ്‌നേഹമാണെന്റെ മതം എന്ന മുദ്രാവാക്യവുമായി ജനസേവാ പാര്‍ട്ടിയെന്ന സ്വന്തം പാര്‍ട്ടിയുടെ ബാനറിലാണ് അവര്‍ മല്‍സര രംഗത്തെത്തിയത്.
പ്രചാരണകോലാഹലങ്ങള്‍ക്കിടയില്‍ പ്രസംഗിക്കാനും വോട്ട് ചോദിക്കാനും ചെല്ലുന്നിന്നിടങ്ങളിലെല്ലാം വലിയ ജനക്കൂട്ടം കാണ്‍കെ നിഷ്‌കളങ്കയായ അവര്‍ ഒപ്പമുള്ളവരോട് പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ ജയിക്കും, ഡല്‍ഹിയിലേക്ക് പോകും.
അന്ന് മാധവിക്കുട്ടിക്ക് ജാമ്യസംഖ്യ നല്‍കിയത് ജിദ്ദയിലെ സാംസ്‌കാരിക പ്രവര്‍ത്തകനും ‘അരങ്ങ്’ പ്രവാസി കൂട്ടായ്മയുടെ സ്ഥാപകനും എ.ഇ.ടി ഷിപ്പിംഗ് കമ്പനി ഉദ്യോഗസ്ഥനുമായ മലപ്പുറം ഇരുമ്പുഴി സ്വദേശി വി. ഖാലിദാണ്. പുറമേ സംഭാവനയായും ഖാലിദ് മാധവിക്കുട്ടിയെ സഹായിച്ചു. അതിന് നന്ദി പറഞ്ഞുകൊണ്ട് അവര്‍ ഖാലിദിന് കത്തയക്കുകയും പിന്നീട് അവരെ കാണാന്‍ ചെന്നപ്പോള്‍ തെരഞ്ഞെടുപ്പില്‍ നിന്നത് വിഡ്ഢിത്തമായെന്ന വിചാരം പല അടുത്ത സുഹൃത്തുക്കളോടെന്ന പോലെ ഖാലിദിനോടും പങ്ക് വെക്കുകയുണ്ടായി.
തോല്‍വിയുടെ നൈരാശ്യവും ക്ഷീണവും തീര്‍ക്കാന്‍ മാധവിക്കുട്ടി ഇലക്ഷന്‍ ഫലമറിഞ്ഞതിന്റെ രണ്ടാം നാള്‍ സഹോദരിയും എഴുത്തുകാരിയുമായ സുലോചന നാലപ്പാടിന്റെ ആനമല ഹില്‍സിലെ വീട്ടില്‍ പോയി ഏറെ നാള്‍ വിശ്രമിച്ചു. നിരവധി ആളുകളുടേയും ചില പത്രക്കാരുടേയും ഫോണ്‍ ശല്യം കൂടി പെരുകിയതോടെയാണ് അവര്‍ ഈ ‘ഒളിച്ചോട്ടം’ നടത്തിയത്. നീലഗിരിയുടെ താഴ് വരയിലിരുന്ന് അവര്‍ പിന്നീട് ‘ആനമലക്കവിതകള്‍’ എന്ന പേരിലൊരു ഇംഗ്ലീഷ് കാവ്യസമാഹാരവുമിറക്കി. ഇതിലെ എട്ടു കവിതകള്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ ഇന്ത്യന്‍ ലിറ്ററേച്ചറില്‍ അച്ചടിച്ചു. തെരഞ്ഞെടുപ്പില്‍ തോറ്റതിന് മാധവിക്കുട്ടിയുടെ വക ഇംഗ്ലീഷ് സാഹിത്യത്തിന് കിട്ടിയ സര്‍ഗസംഭാവന!
അനിയത്തി സുലോചന ഇതേക്കുറിച്ചെഴുതി: പാവം ആമിയോപ്പു, ജയിക്കുമെന്ന് തന്നെയാണ് കരുതിയിരുന്നത്. ആരൊക്കെയോ ചേര്‍ന്ന് തെറ്റിധരിപ്പിച്ചതാണ്. കിട്ടിയ വോട്ടിന്റെ എണ്ണം കണ്ട് ആമി പൊട്ടിക്കരഞ്ഞത് ഞങ്ങള്‍ കണ്ടു. രാഷ്ട്രീയത്തിലെ കള്ളത്തരം വല്ലതുമുണ്ടോ ആമിയോപ്പുവിനറിയുന്നു? ഞാന്‍ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച പെണ്ണുങ്ങള്‍ മാത്രം എനിക്ക് വോട്ട് ചെയ്തിരുന്നെങ്കില്‍ ജയിച്ചേനെ എന്നാണ് അവര്‍ വിതുമ്പിപ്പറഞ്ഞത്..
ഇലക്ഷനില്‍ നിന്നത് ഭീമാബദ്ധമായെന്ന് പിന്നീട് മാധവിക്കുട്ടി കലാകൗമുദിയിലെ ‘അനന്തപുരിയില്‍ നിന്ന്’ എന്ന കോളത്തിലെഴുതി. തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടെണ്ണിയപ്പോള്‍ യു.ഡി.എഫിലെ എ. ചാള്‍സാണ് ജയിച്ചത്. ലോക്ദളിലെ (എല്‍.ഡി.എഫ്) നീലലോഹിത ദാസ് നാടാര്‍, ഹിന്ദുമുന്നണിയുടെ കെ. കേരളവര്‍മ, സ്വതന്ത്രന്മാരായ പി.എ ജയദേവ്, ജി. ഗോപിനാഥ് വെണ്ടക്കുളം, ശിവാനന്ദന്‍ നായര്‍, വര്‍ഗീസ് ഇട്ടിച്ചെറിയ എന്നീ സ്ഥാനാര്‍ഥികള്‍ക്കും പിറകിലായി എട്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു, മാധവിക്കുട്ടി. അക്ഷരാര്‍ഥത്തില്‍ എട്ടുനിലയില്‍ പൊട്ടിയ ദുരനുഭവം. മൊത്തം പതിനാലു സ്ഥാനാര്‍ഥികള്‍. പഴയകാല സംഘടനാ കോണ്‍ഗ്രസിന്റെ നേതാവും മൊറാര്‍ജി ദേശായിയുടെ അനുയായിയുമായ അമരവിള കൃഷ്ണന്‍ നായരും മല്‍സരിച്ചിരുന്നു. അദ്ദേഹത്തിന് കിട്ടിയ വോട്ട് കേവലം 1511. മാധവിക്കുട്ടിക്ക് ചെറുതായി ആശ്വസിക്കാനുണ്ടായിരുന്നത് മാധവിക്കുട്ടിക്കും പിറകിലായി, പതിനാലാം സ്ഥാനത്തൊരാളുണ്ടായിരുന്നുവെന്നാണ് : 382 വോട്ട് മാത്രം കിട്ടിയ സ്വതന്ത്ര സ്ഥാനാര്‍ഥി പാളയം സഹദേവന്‍!