റിയാദ്: റിയാദിലെ സ്കൂളുകളിൽ നിന്നും പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വൈദ്യുത കേബിളുകൾ മോഷ്ടിച്ച് അനധികൃത വെയർഹൗസുകളിലും യാർഡുകളിലും സൂക്ഷിച്ച് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി വിൽപ്പന നടത്തിയ ഒരു കൂട്ടം പ്രവാസികളെ സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ചവയിൽ ഒരു ഭാഗം പ്രതികളുടെ കൈവശം കണ്ടെത്തി. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായവർ. നിയമനടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
സ്കൂൾ കെട്ടിടങ്ങളിൽ നിന്ന് വൈദ്യുത കേബിളുകൾ മോഷണം പോയതിനാൽ, റിയാദിലെ 51 സ്കൂളുകൾ അടുത്ത വ്യാഴാഴ്ച വരെ ഓഫ്‌ലൈൻ ക്ലാസുകൾക്ക് പകരം ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മോഷണം നടന്ന സ്കൂളുകളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ പ്രിൻസിപ്പൽമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി. ഈ തീരുമാനത്തെക്കുറിച്ച് വിദ്യാർഥികളുടെ മാതാപിതാക്കൾക്കും അറിയിപ്പ് നൽകിയിട്ടുണ്ട്.