തെൽ അവീവ് ∙ ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ, ഖത്തർ മധ്യസ്ഥർ മുന്നോട്ടുവെച്ച ഏറ്റവും പുതിയ നിർദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളിക്കളഞ്ഞു. ഹമാസ് അംഗീകരിച്ച ഏറ്റവും പുതിയ നിർദേശം നെതന്യാഹു അംഗീകരിക്കാൻ വിസമ്മതിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേൽ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തു. ഭാഗിക കരാർ നെതന്യാഹു നിരാകരിച്ചു. മുഴുവൻ ബന്ദികളെയും ഒറ്റയടിക്ക് വിട്ടയക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടതായും പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ വിശദീകരിച്ചു.
ഈജിപ്ത്-ഖത്തർ നിർദേശത്തോടുള്ള ഹമാസിന്റെ പ്രതികരണം വളരെ പോസിറ്റീവാണെന്ന് ഖത്തർ വിദേശ മന്ത്രാലയ വക്താവ് മാജിദ് അൽ-അൻസാരി സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ വെടിനിർത്തൽ നിർദേശം അംഗീകരിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഹമാസിന്റെ പ്രതികരണം വെടിനിർത്തലുമായി ബന്ധപ്പെട്ട് ഇസ്രയേൽ മുമ്പ് സമ്മതിച്ച കാര്യങ്ങളുമായി വലിയതോതിൽ പൊരുത്തപ്പെടുന്നുണ്ടെന്നും ഖത്തർ വിദേശ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റിലേക്കുള്ള യു.എസ്. പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശത്തോട് ഈ നിർദേശം യോജിക്കുന്നു. ഇന്നലെ ഹമാസ് അംഗീകരിച്ചത് വിറ്റ്കോഫിന്റെ നിർദേശവുമായി 98 ശതമാനം യോജിക്കുന്നതായി മാജിദ് അൽ-അൻസാരി പറഞ്ഞു.
ഇസ്രയേലി സൈനിക നടപടികൾ 60 ദിവസത്തേക്ക് നിർത്തിവെക്കുന്നതും ഗാസ മുനമ്പിൽ ഏകദേശം രണ്ട് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമഗ്രമായ കരാറിലേക്കുള്ള പാതയും ഭേദഗതി ചെയ്ത നിർദേശത്തിൽ ഉൾപ്പെടുന്നതായി ഔദ്യോഗിക ഈജിപ്ഷ്യൻ വൃത്തങ്ങൾ വെളിപ്പെടുത്തി. പുതിയ വെടിനിർത്തൽ നിർദേശ പ്രകാരം ഉപരോധിക്കപ്പെട്ട ഗാസയിലേക്ക് മാനുഷിക സഹായം പ്രവേശിപ്പിക്കാൻ അനുവദിക്കുമെന്നും പകരം രണ്ട് ഘട്ടങ്ങളിലായി 10 വീതം ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുമെന്നും 18 മൃതദേഹങ്ങൾ കൈമാറുമെന്നും ഈജിപ്ഷ്യൻ വൃത്തങ്ങൾ സൂചിപ്പിച്ചു.
അതിനിടെ, ഗാസ നഗരം പിടിച്ചെടുക്കാനുള്ള പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ ഇസ്രയേലിൽ തുടരുകയാണ്. ഗാസ മുനമ്പിന്റെ 75 ശതമാനം ഇപ്പോൾ തന്നെ ഇസ്രയേലിന്റെ പൂർണ നിയന്ത്രണത്തിലാണ്. ഗാസ നഗരം പിടിച്ചെടുക്കാനുള്ള അന്തിമ പദ്ധതി ഇസ്രയേൽ ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സാമിർ പ്രതിരോധ മന്ത്രി യിസ്രയേൽ കാറ്റ്സിന് മുന്നിൽ ഇന്ന് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.