ന്യൂയോർക്ക് ∙ കഴിഞ്ഞ വർഷം സംഘർഷ മേഖലകളിൽ 383 സഹായ പ്രവർത്തകർ കൊല്ലപ്പെട്ടതായി മാനുഷിക കാര്യങ്ങൾക്കുള്ള ഐക്യരാഷ്ട്രസഭ അണ്ടർ സെക്രട്ടറി ടോം ഫ്ലെച്ചറിന്റെ ഓഫീസ് റിപ്പോർട്ട് ചെയ്തു. ഇവരിൽ പകുതിയോളം ഗാസ യുദ്ധത്തിലാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട സഹായ പ്രവർത്തകരുടെ എണ്ണം റെക്കോർഡാണ്. സംഘർഷത്തിൽ കുടുങ്ങിയ സാധാരണക്കാരെയും അവരെ സഹായിക്കാൻ ശ്രമിക്കുന്നവരെയും സംരക്ഷിക്കാനുള്ള മുന്നറിയിപ്പായി ഈ റെക്കോർഡ് മരണസംഖ്യ വർത്തിക്കണമെന്ന് ഫ്ലെച്ചർ പ്രസ്താവിച്ചു.
ഈ തോതിലുള്ള ആക്രമണങ്ങൾ, കണക്കുചോദിക്കലിന്റെ ഒരു അളവുകോലില്ലാതെ സംഭവിക്കുന്നത്, അന്താരാഷ്ട്ര നിഷ്ക്രിയത്വവും നിസ്സംഗതയും വ്യക്തമാക്കുന്നു. ഇത് ലജ്ജാകരവും അപലപിക്കപ്പെടേണ്ടതുമാണ്. അധികാരവും സ്വാധീനവുമുള്ളവർ മനുഷ്യത്വത്തിനുവേണ്ടി പ്രവർത്തിയ്ക്കണമെന്നും സാധാരണക്കാരെയും സഹായ പ്രവർത്തകരെയും സംരക്ഷിക്കണമെന്നും കുറ്റവാളികളോട് കണക്കുചോദിക്കണമെന്നും ഞങ്ങൾ വീണ്ടും ആവശ്യപ്പെടുന്നതായും ടോം ഫ്ലെച്ചർ പ്രസ്താവനയിൽ പറഞ്ഞു. കൊല്ലപ്പെട്ട സഹായ പ്രവർത്തകരിൽ ഭൂരിഭാഗവും ആക്രമണത്തിനിരയായ സമൂഹങ്ങളെ സേവിക്കുന്ന, അതത് രാജ്യങ്ങളിലെ ജീവനക്കാരാണെന്ന് യു.എൻ മാനുഷികകാര്യ ഏകോപന ഓഫീസ് പറഞ്ഞു.


2024-ൽ മാനുഷിക പ്രവർത്തകർക്ക് ഏറ്റവും അപകടകരമായ മേഖല ഗാസയാണെന്ന് ടോം ഫ്ലെച്ചറിന്റെ ഓഫീസ് പുറത്തിറക്കിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ശക്തമായ വ്യോമാക്രമണത്തിന്റെ ഫലമായി ഗാസയിൽ ഈ വർഷം 181 സഹായ പ്രവർത്തകർ കൊല്ലപ്പെട്ടു. രണ്ടാം സ്ഥാനത്തുള്ള സുഡാനിൽ 60 സഹായ പ്രവർത്തകർ കൊല്ലപ്പെട്ടു. 2023-നെ അപേക്ഷിച്ച് 2024-ൽ സുഡാനിൽ കൊല്ലപ്പെട്ട സഹായ പ്രവർത്തകരുടെ എണ്ണം ഇരട്ടിയായി. സുഡാനിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ചെറിയ ആയുധങ്ങൾ ഉപയോഗിച്ചുള്ള വെടിവെപ്പുകളിലാണ് മരിച്ചത്.
ഗാസയ്ക്കും സുഡാനും പുറമേ, ദക്ഷിണ സുഡാൻ, നൈജീരിയ, ലെബനോൻ, ഉക്രെയ്ൻ, എത്യോപ്യ, സൊമാലിയ, സിറിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലും റിലീഫ് പ്രവർത്തകർ കൊല്ലപ്പെട്ടു. വ്യോമാക്രമണം, കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ അടക്കമുള്ള ആക്രമണങ്ങളാണ് സഹായ പ്രവർത്തകർക്ക് നേരെയുണ്ടായത്.
2024-ൽ സഹായ പ്രവർത്തകർക്കെതിരായ ആക്രമണങ്ങളിലെ പ്രധാന കുറ്റവാളികൾ സർക്കാരുകളാണെന്നത് ആശങ്കാജനകമാണ്. സർക്കാർ ആക്രമണങ്ങളുടെ ഫലമായി 182 പേർ മരിക്കുകയും 119 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുഡാനിൽ മാനുഷിക പദ്ധതി സ്ഥലങ്ങളെയും ഓഫീസുകളെയും നേരിട്ട് ലക്ഷ്യമിട്ട് ആക്രമണങ്ങൾ ഉണ്ടായി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ദുർബലപ്പെടുത്താനുള്ള വ്യക്തമായ ഉദ്ദേശ്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
ദക്ഷിണ സുഡാൻ, ബുർക്കിനാ ഫാസോ, കാമറൂൺ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, ഛാഡ്, നൈജീരിയ, സുഡാൻ എന്നിവിടങ്ങളിൽ സഹായ പ്രവർത്തകരെ തട്ടിക്കൊണ്ടുപോകൽ സംഭവങ്ങളിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
മുൻ വർഷത്തെ അപേക്ഷിച്ച് ലെബനോൻ, നൈജീരിയ, നൈജർ, ബുർക്കിനാ ഫാസോ, അഫ്ഗാനിസ്ഥാൻ, സിറിയ എന്നിവിടങ്ങളിലും സഹായ പ്രവർത്തകർക്കെതിരായ ആക്രമണങ്ങളുടെ എണ്ണം വർധിച്ചു. മാനുഷിക ധനസഹായം കുറയുന്നത് തൊഴിലാളികൾക്ക് സുരക്ഷാ അപകടസാധ്യതകൾ വർധിപ്പിക്കുകയും ഇതിനകം തന്നെ ഇരകളുടെ ഭാരം വഹിക്കുന്ന പ്രാദേശിക സംഘടനകളെ കൂടുതൽ അപകടകരമായ വിധി നേരിടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി.