റാമല്ല ∙ ഫലസ്തീൻ അതോറിറ്റിയെ സ്വതന്ത്ര രാഷ്ട്രമാക്കി മാറ്റുന്നതിന് ഇടക്കാല ഭരണഘടന തയാറാക്കാൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രത്യേക സമിതി രൂപീകരിക്കാൻ ഉത്തരവിട്ടു. ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ച് ഗാസയിൽ ഫലസ്തീൻ രാഷ്ട്രം ഭരണനിർവഹണം ഏറ്റെടുക്കുന്നതിനും 2025 സെപ്റ്റംബറിൽ നടക്കുന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തിന് മുന്നോടിയായി ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനും വേണ്ടിയാണ് ഈ നടപടി.
ഫലസ്തീൻ സ്വാതന്ത്ര്യ പ്രഖ്യാപനം, യു.എൻ. പ്രമേയങ്ങൾ, അന്താരാഷ്ട്ര മനുഷ്യാവകാശ കൺവെൻഷനുകൾ, അന്താരാഷ്ട്ര നിയമങ്ങൾ, ബന്ധപ്പെട്ട കരാറുകൾ എന്നിവക്ക് അനുസൃതമായി ഇടക്കാല ഭരണഘടന തയാറാക്കാനാണ് സമിതിയുടെ ലക്ഷ്യം. ഫലസ്തീൻ രാഷ്ട്രത്തിന്റെയും അതിന്റെ സ്ഥാപനങ്ങളുടെയും രൂപീകരണത്തിന് ഈ ഭരണഘടന വഴിയൊരുക്കും.
സമിതിയിൽ സിവിൽ സമൂഹം, രാഷ്ട്രീയ-സാമൂഹിക നേതാക്കൾ, നിയമ-ഭരണഘടനാ വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി ചെയർമാനെയും അംഗങ്ങളെയും നിയമിക്കാൻ പ്രസിഡന്റ് അബ്ബാസ് ഉത്തരവിട്ടു. വിവിധ മേഖലകളിൽ പ്രത്യേക സാങ്കേതിക സമിതികൾ രൂപീകരിക്കാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്. ഫലസ്തീൻ ജനതയുടെ ആവശ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ഇടക്കാല ഭരണഘടന തയാറാക്കാൻ പൊതുജനങ്ങളുടെ നിർദേശങ്ങൾ സ്വീകരിക്കുന്നതിന് ഇലക്ട്രോണിക് പ്ലാറ്റ്ഫോം സ്ഥാപിക്കാനും പ്രസിഡന്റ് നിർദേശിച്ചു.