കൊച്ചി: കേരളത്തിൽ വിൽക്കുന്ന വിവിധ മോഡൽ കാറുകൾക്ക് 40,000 മുതൽ രണ്ട് ലക്ഷം വരെ ഓണം ഓഫർ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്. സെപ്തംബർ 30 വരെയുള്ള കാലയളവിലാണ് എക്‌സ്‌ചേഞ്ച്, ലോയൽറ്റി ആനുകൂല്യങ്ങളായും നേരിട്ട് പണമായും ടാറ്റ ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ടാറ്റ ഇലക്ട്രിക് വാഹനങ്ങൾ കൈവശമുള്ളത് പുതിയ ഇ.വിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമ്പോൾ രണ്ട് ലക്ഷം രൂപ വരെ കിഴിവ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ടിയാഗോ (60,000 രൂപ വരെ), ടിഗോർ (60,000), അൾട്രോസ് (100,000), പഞ്ച് (65,000), നെക്‌സോൺ (60,000), കർവ്വ് (40,000), ഹാരിയർ (75,000), സഫാരി (75,000) തുടങ്ങിയ ഇന്ധന മോഡലുകൾക്ക് ആനുകൂല്യങ്ങൾ താരതമ്യേന കുറവാണ്. എന്നാൽ, ഇലക്ട്രോണിക് കാറ്റഗറിയിൽ ടിയാഗോ (100,000 വരെ), പഞ്ച് (85,000), നെക്‌സോൺ (100,000), കർവ്വ് (200,000) എന്നിങ്ങനെ മികച്ച ഓഫറുകളാണ് ടാറ്റ മുന്നോട്ടുവെക്കുന്നത്.
ഇലക്ട്രോണിക് കാർ വാങ്ങുന്നവർക്ക് ആക്‌സസറികളിൽ ആറുമാസത്തെ ഫിനാൻസിങ്, എക്സ്റ്റന്റഡ് വാറന്റി, എ.എം.സി, സർവീസ് റിപ്പയർ എന്നീ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇ.വി കൂടുതൽ ആളുകളെക്കൊണ്ട് വാങ്ങിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ടാറ്റ ഉദ്ദേശിക്കുന്നത് എന്നാണ് സൂചന.
നിലവിൽ ടാറ്റ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കാണ് ഓഫറുകൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയുക. ആദ്യമായി കാർ വാങ്ങുന്നവർക്ക് ആനുകൂല്യങ്ങൾ കുറവായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓഫറുകളുടെ നിജസ്ഥിതി സംബന്ധിച്ച് അറിയാൻ ടാറ്റ മോട്ടോഴ്‌സിന്റെ ഡീലർഷിപ്പുകളുമായി ബന്ധപ്പെടണമെന്ന് കമ്പനി അറിയിച്ചു.