തിരുവനന്തപുരം– സ്വാമി ശാശ്വതീകാനന്ദ സാംസ്‌കാരിക കേന്ദ്രം ഏർപ്പെടുത്തിയ ആദ്യ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്‌കാരത്തിന് പ്രശസ്ത സാമൂഹിക-മതനേതാവ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അർഹനായി. എസ് എൻ ഡി പി യോഗം മുൻ പ്രസിഡണ്ട് അഡ്വ. സി കെ വിദ്യാസാഗർ ചെയർമാനും, മുൻ രാജ്യസഭാ എം.പി. സി ഹരിദാസ്, എം ജി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിലെ പ്രൊഫസർ ഡോ. രാജേഷ് കോമത്ത് എന്നിവർ അംഗങ്ങളുമായ ജൂറി സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപ, പ്രശസ്തി പത്രം, ഫലകം എന്നിവ അടങ്ങുന്നതാണ് ഈ പുരസ്‌കാരം.
മാനവികതയും സാഹോദര്യവും എന്നീ ശ്രീനാരായണ ഗുരുവിന്റെ മഹനീയ മൂല്യങ്ങളിൽ ഊന്നി, സാമുദായിക ശാക്തീകരണവും സാമൂഹിക വികസനവും പരസ്പരം സമന്വയിപ്പിച്ചുകൊണ്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സാമൂഹിക പരിവർത്തനത്തിന്റെ ഒരു പുതിയ മാതൃക മുന്നോട്ടുവെക്കുന്നുവെന്ന് പുരസ്‌കാര നിർണയ സമിതി വിലയിരുത്തി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളോട് ചേർന്ന് നിൽക്കുന്ന ഒരു സാമൂഹിക മാറ്റത്തിന്റെ ആവിഷ്കാരമാണെന്നും സമിതി അഭിപ്രായപ്പെട്ടു.