കുവൈത്ത് സിറ്റി: സലൂണുകൾ, ജിമ്മുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കുകയും പല പരമ്പരാഗത രീതികൾ നിരോധിക്കുകയും ചെയ്തു.
സലൂണുകൾ അംഗീകൃത വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം, ജീവനക്കാർ ദൃശ്യമായ ഐഡി ബാഡ്ജുകൾ ധരിക്കണം, പകർച്ചവ്യാധികളിൽനിന്ന് മുക്തമാണെന്ന് തെളിയിക്കുന്ന ആരോഗ്യ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ജീവനക്കാർ നേടണമെന്നുമാണ് പുതിയ നിയമം. പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് മുമ്പ് സർക്കാർ അംഗീകൃത ‘സഹിൽ’ ആപ്പ് വഴി ആരോഗ്യ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. വാണിജ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവദി അംഗീകരിച്ച നിയമങ്ങൾ വീട്ടിൽ നിർമിക്കുന്ന ഹെർബൽ മരുന്നുകളുടെ ഉപയോഗവും നിരോധിക്കുന്നു.
മന്ത്രാലയം അംഗീകരിച്ച, വ്യക്തമായ കാലാവധി ലേബലുകളുള്ള ഉൽപ്പന്നങ്ങൾ മാത്രമേ സലൂണുകളിൽ ഉപയോഗിക്കാവൂ. ഓരോ ഉൽപ്പന്നവും ആദ്യം ഉപയോഗിച്ച തീയതി രേഖപ്പെടുത്തുന്ന ലേബൽ ഉണ്ടായിരിക്കണം. ഹെയർ ഡൈ, മൈലാഞ്ചി, മറ്റ് സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ എന്നിവ ലൈസൻസുള്ളതും വിതരണക്കാരെ കണ്ടെത്താവുന്നതുമായിരിക്കണം. ടാറ്റൂയിംഗ്, സ്ഥിരമായ മേക്കപ്പ്, കപ്പിംഗ്, ചെവി തുളയ്ക്കൽ ഉപകരണങ്ങൾ എന്നിവയ്ക്ക് പ്രത്യേക അനുമതി വേണം.
കുട്ടികൾക്കുള്ള ജിമ്മുകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ബാധകമാണ്. ജിമ്മുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും കുട്ടികളെ പ്രവേശിപ്പിക്കാൻ മാതാപിതാക്കളുടെ സമ്മതം വേണം. സ്ഥാപനങ്ങളിൽ സർട്ടിഫൈഡ് പരിശീലകർ ഉണ്ടായിരിക്കണം, അവർക്ക് സർക്കാർ ക്ലിനിക്കുകളിൽനിന്നുള്ള സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റുകൾ വേണം. കുട്ടികളുടെ ജിമ്മുകളിൽ ബോഡി ബിൽഡിംഗ് മെഷീനുകൾ നിരോധിച്ചു. സ്പെഷ്യലിസ്റ്റിന്റെ നിർദേശമില്ലെങ്കിൽ പ്രോട്ടീൻ സപ്ലിമെന്റുകളും നിരോധിച്ചു. നീന്തൽ കുളങ്ങളിൽ കോച്ചും ലൈഫ് ഗാർഡും ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണം.
കുട്ടികളുടെ സലൂണുകളിൽ മൃദുവും സുഗന്ധദ്രവ്യരഹിതവുമായ ഉൽപ്പന്നങ്ങൾ മാത്രം അനുവദനീയമാണ്. ഹെയർ ഡൈ, സ്പ്രേ ടാൻ, തീവ്രമായ ചർമ ചികിത്സകൾ എന്നിവ നിരോധിച്ചു. പാരബെൻസ്, ഫ്താലേറ്റ് അടങ്ങിയ ഉൽപ്പന്നങ്ങളും നിരോധിച്ചിരിക്കുന്നു. കുട്ടികൾക്ക് സേവനം നൽകുമ്പോൾ രക്ഷിതാവോ രക്ഷകർത്താവോ സമീപത്ത് ഉണ്ടായിരിക്കണം.
കുട്ടികളിൽ കോസ്മെറ്റിക്, ഫിറ്റ്നസ് പ്രവണതകളോടുള്ള വർധിച്ചുവരുന്ന ആകർഷണം ഈ നിയന്ത്രണങ്ങൾ പ്രതിഫലിപ്പിക്കുന്നു. മുതിർന്നവർക്കായുള്ള ചില കോസ്മെറ്റിക്, ഫിറ്റ്നസ് ചികിത്സകൾക്ക് കുട്ടികൾ വിധേയരാകുന്നുണ്ട്. കുട്ടികളുടെ ചർമം മുതിർന്നവരെ അപേക്ഷിച്ച് നേർത്തതും ആഗിരണശേഷി കൂടിയതുമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് അലർജികൾ, ചൊറിച്ചിൽ, ഹോർമോൺ തകരാറുകൾ എന്നിവയ്ക്ക് കുട്ടികളെ കൂടുതൽ ഇരയാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.