പ്രവാസികളായ പലരുടെയും വീടുകൾ ഇന്ന് അടച്ചിട്ട നിലയിലാണ്. എന്നാൽ ഇനി ഈ അടച്ചിട്ട വീടുകൾ നല്ല വരുമാന മാർഗമാക്കി മാറ്റാൻ പ്രവാസികൾക്ക് സാധിക്കും. വീടുകളിലും ചെറുകിട സാരംഭങ്ങൾ തുടങ്ങാൻ പഞ്ചായത്തുകൾക്കു ലൈസൻസ് നൽകാൻ സാധിക്കുന്ന രീതിയിൽ പുതിയ വിജ്ഞാപനം പുറത്തിറക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇതോടെ വീടിന്റെ 50% വരെ സ്ഥാപനങ്ങൾ തുടങ്ങാൻ ആളുകൾക്ക് നീക്കിവയ്ക്കാം. 1996ലെ കേരള പഞ്ചായത്തിരാജ് (ഫാക്ടറികൾക്കും വ്യാപാരങ്ങൾക്കും സംരംഭക പ്രവർത്തനങ്ങൾക്കും മറ്റു സേവനങ്ങൾക്കും ലൈസൻസ് നൽകൽ) ചട്ടങ്ങൾ സമഗ്രമായി പരിഷ്കരിച്ചാണ് സർക്കാർ വിജ്ഞാപനം പുറത്തിറക്കുക.
സംരംഭങ്ങളെ രണ്ട് കാറ്റഗറികളാണ് ആക്കിയിരിക്കുന്നത്. കാറ്റഗറി ഒന്ന് ഉൽപാദന യൂണിറ്റുകളും രണ്ട് വ്യാപാരം, വാണിജ്യം, സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന യൂണിറ്റുകളാണ്. കാറ്റഗറി ഒന്നിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ വിഭാഗത്തിലെ യൂണിറ്റുകൾക്ക് പഞ്ചായത്തിന്റെ ലൈസൻസ് ആവശ്യമില്ല. പകരം അവ റജിസ്റ്റർ ചെയ്താൽ മതി. റെഡ്, ഓറഞ്ച് വിഭാഗങ്ങളിലെ യൂണിറ്റുകൾക്ക് പഞ്ചായത്തിന്റെ ലൈസൻസ് ആവശ്യമാണ്. കാറ്റഗറി രണ്ടിൽ ഉൾപ്പെടുന്നവക്ക് ലൈസൻസ് നിർബന്ധമാണ്.
നിലവിൽ വീടുകളിൽ പ്രവർത്തിക്കുന്ന കുടിൽ വ്യവസായങ്ങൾക്കും മറ്റു വാണിജ്യ സേവനങ്ങൾക്കും ലൈസൻസ് ലഭിക്കുന്നില്ല. ബാങ്ക് വായ്പ, ജിഎസ്ടി റജിസ്ട്രേഷൻ, വിവിധ ഗ്രാന്റുകൾ എന്നിവ കിട്ടുന്നതിലുൾപ്പെടെയുള്ള തടസ്സങ്ങൾക്കും പുതിയ ചട്ടങ്ങൾ മാറുന്നതോടെ പരിഹാരമാകും.നിലവിലെ ചട്ടത്തിൽ ലൈസൻസ് നൽകാൻ സാധിക്കുന്ന 150ൽ പരം സേവനങ്ങളും സംരംഭങ്ങളും മാത്രമാണുള്ളത്. നഗരസഭകളുടെയും കോർപറേഷനുകളുടെയും സംരംഭക ലൈസൻസ് ചട്ടങ്ങൾ പിന്നീടു പരിഷ്കരിക്കും.
എന്തൊക്കെയാണ് പുതിയ പ്രധാന മാറ്റങ്ങൾ എന്ന് നോക്കാം
∙ ലൈസൻസ് അന്നുതന്നെ പുതുക്കാൻ സാധിക്കുന്ന ഫാസ്റ്റ് ട്രാക്ക് സംവിധാനം നിലവിൽ വരും.
∙ ലൈസൻസ്/അനുമതി അപേക്ഷകളിൽ നിശ്ചിത സമയത്തിനകം നടപടി ഇല്ലെങ്കിൽ ഡീംഡ് ലൈസൻസ്.
∙ സംരംഭക രീതിക്കു മാറ്റമില്ലെങ്കിൽ ഒരിക്കൽ വാങ്ങിയ അനുമതി സംരംഭകൻ മാറിയാലും കൈമാറാൻ സാധിക്കും .
∙ ലൈസൻസ് ഫീസ് പൂർണമായും മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ആക്കും.
∙ കുറഞ്ഞ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾക്ക് പ്രത്യേക സ്ലാബ്, മൂലധന നിക്ഷേപം കണക്കാക്കുമ്പോൾ ഭൂമിയുടെയും കെട്ടിടത്തിന്റെയും വില ഒഴിവാക്കും.
∙ സ്ഥാപനങ്ങൾക്ക് എതിരായ പരാതികളിൽ വിദഗ്ധ ഉപദേശത്തോടെ സമയബന്ധിതമായി തീർപ്പാക്കാൻ സഹായിക്കുന്ന സംവിധാനം നിലവിൽ വരും.
∙ ലൈസൻസ് കാലാവധി അവസാനിക്കുന്നതു സാമ്പത്തിക വർഷത്തിനു പകരം ലൈസൻസ് തീയതി മുതൽ ഒരു വർഷം.