ഗാസ: യുദ്ധമേഖലകളിൽ നിന്ന് സാധാരണക്കാരെ ദക്ഷിണ ഗാസയിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ഇസ്രായിൽ സൈനിക വക്താവ് അവിചായ് അഡ്രഇ പ്രസ്താവിച്ചു. രാഷ്ട്രീയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ, സുരക്ഷ ഉറപ്പാക്കാൻ ഗാസയിലെ ജനങ്ങൾക്ക് ഇന്ന് മുതൽ ടെന്റുകളും ഷെൽട്ടർ ഉപകരണങ്ങളും വിതരണം ചെയ്യും. ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര ദുരിതാശ്വാസ സംഘടനകളും കെരെം ഷാലോം ക്രോസിംഗ് വഴി, ഇസ്രായിൽ സൈന്യത്തിന്റെ സമഗ്ര പരിശോധനയ്ക്ക് ശേഷം ഈ ഉപകരണങ്ങൾ എത്തിക്കും.
ഗാസ സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ പുതിയ ആക്രമണം ആരംഭിക്കാനുള്ള ഇസ്രായിലിന്റെ പദ്ധതി അന്താരാഷ്ട്ര ആശങ്ക ഉയർത്തിയിട്ടുണ്ട്. ഈ പദ്ധതിക്ക് സുരക്ഷാ മന്ത്രിസഭയും സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീറും അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഗാസ സിറ്റിയെ ഹമാസിന്റെ അവസാന ശക്തികേന്ദ്രമായി വിശേഷിപ്പിച്ച നെതന്യാഹു, ആക്രമണത്തിന് മുമ്പ് പത്ത് ലക്ഷത്തോളം നിവാസികളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചു. ഗാസ നഗരത്തിലെ പത്ത് ലക്ഷം നിവാസികള്‍ക്കുള്ള ഷെല്‍ട്ടറുകള്‍ ആണോ ഒരുക്കുന്നതെന്നും തെക്കന്‍ ഗാസയിലേക്ക് സാധാരണക്കാരെ മാറ്റുന്ന സ്ഥലം ഈജിപ്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള റഫ പ്രദേശമായിരിക്കുമോ എന്നുമുള്ള ചോദ്യങ്ങള്‍ക്ക് സൈന്യം പ്രതികരിക്കാന്‍ വിസമ്മതിച്ചു. പുതിയ ആക്രമണത്തിനുള്ള പദ്ധതികള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യിസ്രായില്‍ കാറ്റ്‌സ് ശനിയാഴ്ച പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി ഗാസ നഗരത്തിന്റെ സെയ്തൂൺ, ശുജാഇയ ജില്ലകളിൽ ഇസ്രായിൽ സൈന്യം വ്യോമാക്രമണങ്ങളും ടാങ്ക് ഷെൽ ആക്രമണങ്ങളും ശക്തമാക്കി. വെള്ളിയാഴ്ച സെയ്തൂണിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്താനും തുരങ്കങ്ങൾ നശിപ്പിക്കാനും പോരാളികളെ വധിക്കാനും പുതിയ ഓപ്പറേഷൻ ആരംഭിച്ചതായി സൈന്യം അറിയിച്ചു. ഹമാസിനെ പരാജയപ്പെടുത്തുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് നെതന്യാഹു പ്രസ്താവിച്ചു, എന്നാൽ സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതുവരെ ആയുധം താഴെവെക്കില്ലെന്ന് ഹമാസ് വ്യക്തമാക്കി.