ബെയ്റൂത്ത് – ഇസ്രായിൽ ലെബനോനിൽ ആക്രമണവും അധിനിവേശവും തുടരുന്നതിനിടെ ആയുധങ്ങൾ ഉപേക്ഷിക്കില്ലെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറൽ നഈം ഖാസിം. ലെബനീസ് സർക്കാരിനെ വിമർശിച്ച അദ്ദേഹം ഹിസ്ബുല്ലയെ നിരായുധീകരിക്കാനുള്ള തീരുമാനത്തിലൂടെ സർക്കാർ ഇസ്രായിൽ പദ്ധതിയെ സേവിക്കുകയാണെന്നും വിമർശിച്ചു.
ദേശീയ ഉടമ്പടി ലംഘിക്കുന്നതും ദേശീയ സുരക്ഷയെ ദുർബലപ്പെടുത്തുന്നതുമായ വളരെ അപകടകരമായ തീരുമാനമാണ് ലെബനീസ് സർക്കാർ കൈക്കൊണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇസ്രായിൽ ആക്രമണ സമയത്ത് ലെബനോനിൽ നിന്ന് പ്രതിരോധ ആയുധങ്ങൾ നീക്കം ചെയ്യുകയും ചെറുത്തുനിൽപ്പ് ഇല്ലാതാക്കാൻ സഹായിക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്ന് നഈം ഖാസിം കൂട്ടിച്ചേർത്തു. ബഅൽബെക്കിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ലെബനീസ് സർക്കാറിനെ രൂക്ഷമായി വിമർശിച്ചത്.
ഭാവിയിൽ സംഭവിക്കാവുന്ന പ്രശ്‌നങ്ങൾക്കും ആന്തരിക സംഘർഷങ്ങൾക്കും ലെബനീസ് സർക്കാരിനായിരിക്കും പൂർണ ഉത്തരവാദിത്തം. നിങ്ങൾ മറുവശത്ത് നിന്ന് ഞങ്ങളെ നേരിടാനും ഇല്ലാതാക്കാനും ശ്രമിച്ചാൽ ലെബനോന് നിലനിൽപ്പുണ്ടാവില്ല. എല്ലാ വിഭാഗങ്ങളും ഇല്ലാതെ ലെബനോൻ നിർമിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയും ശിയാ സഖ്യകക്ഷിയായ അമൽ പ്രസ്ഥാനവും ലെബനീസ് സർക്കാരുമായി ചർച്ചക്ക് ഇടമുണ്ടെന്ന് വിശ്വസിക്കുന്നതിനാൽ യുഎസ് പിന്തുണയോടെ തങ്ങളെ നിരായുധീകരിക്കാനുള്ള പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ മാറ്റിവെക്കാൻ തീരുമാനിച്ചതായി നഈം ഖാസിം പറഞ്ഞു.