മനാമ– ഇലക്ട്രോണിക് സിഗരറ്റുകളും വേപ്പുകളും നിരോധിക്കാനൊരുങ്ങി ബഹ്റൈൻ സർക്കാർ. ബഹ്റൈനിൽ യുവാക്കളെ ഇലക്ട്രോണിക് പുകയില ഉപകരണങ്ങളുടെ വർദ്ധിക്കുന്ന അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനാണ് നിർണായക നടപടി വരുന്നത്.
വരാനിരിക്കുന്ന പാർലമെന്റ് സെഷനിൽ രാജ്യവ്യാപകമായി ഇ-ഷീഷകളുടെയും ഇ-സിഗരറ്റുകളുടെയും വിൽപ്പനയും വിതരണവും നിരോധിക്കുന്ന ഒരു കരട് നിയമം ചർച്ച ചെയ്യുമെന്ന് എംപി ജലാൽ കാസിം അൽ-മഹ്ഫൂദ് അറിയിച്ചു.
കുട്ടികളിലും കൗമാരക്കാരിലും വാപ്പിംഗിന്റെ (ഇ-സിഗരറ്റ് ) ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ആരോഗ്യ പഠനങ്ങൾ വ്യക്തമാക്കുന്നത്, വാപ്പിംഗ് ശ്വാസകോശത്തിനും രോഗപ്രതിരോധ സംവിധാനത്തിനും ഗുരുതരമായ ദോഷം വരുത്തുമെന്നാണ്. ഈ പശ്ചാത്തലത്തിൽ, യുവതലമുറയെ ഈ അപകടകരമായ ശീലത്തിൽ നിന്ന് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബഹ്റൈൻ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്.
കാനഡ, ഇന്ത്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ ഇ-സിഗരറ്റുകളുടെ വിൽപ്പനയും ഉപയോഗവും നിരോധിച്ച് മാതൃക കാണിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളുടെ പാത പിന്തുടർന്ന് ബഹ്റൈനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ശ്രമം. അതിനിടെ, സിവിൽ ഗ്രൂപ്പുകൾ ഇ-സിഗരറ്റുകളുടെ ഓൺലൈൻ പ്രമോഷനുകൾക്ക് കർശന നിയന്ത്രണം ആവശ്യപ്പെട്ടിട്ടുണ്ട്. യുവാക്കളെ ആകർഷിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും നടക്കുന്ന വാപ്പിംഗ് ഉൽപ്പന്നങ്ങളുടെ പ്രചാരണം തടയണമെന്നാണ് ഇവരുടെ ആവശ്യം. ഈ കരട് നിയമം നടപ്പാകുന്നതോടെ, ബഹ്റൈനിലെ യുവാക്കളുടെ ആരോഗ്യ സംരക്ഷണത്തിനും പൊതുജനാരോഗ്യത്തിനും വലിയ മാറ്റം വരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.