500 കോടി ഡോളറിന്റെ സഹായം വേഗത്തിലാക്കാന്‍ ധാരണ
മക്ക – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ശഹ്ബാസ് ശരീഫും ചര്‍ച്ച നടത്തി. മക്ക അല്‍സ്വഫാ കൊട്ടാരത്തില്‍ വെച്ചാണ് പാക് പ്രധാനമന്ത്രിയെ സൗദി കിരീടാവകാശി സ്വീകരിച്ചത്. ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലാ, ആഗോള തലത്തിലെ പുതിയ സംഭവവികാസങ്ങളും ഇരുവരും വിശകലനം ചെയ്തു.
മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍, സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍, പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍, നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ്, വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ്, രഹസ്യാന്വേഷണ വിഭാഗം മേധാവി ഖാലിദ് അല്‍ഹുമൈദാന്‍, പാക്കിസ്ഥാനിലെ സൗദി അംബാസഡര്‍ നവാഫ് അല്‍മാലിക്കി എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
പാക്കിസ്ഥാനും സൗദി അറേബ്യയും നേരത്തെ വിശകലനം ചെയ്ത, ആദ്യ ഘട്ട സഹായമായ 500 കോടി ഡോളറിന്റെ ധനസഹായം വേഗത്തിലാക്കാന്‍ സൗദി, കിരീടാവകാശിയും പാക് പ്രധാനമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി കൂടിക്കാഴ്ചക്കു ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവന പറഞ്ഞു. വാണിജ്യ, നിക്ഷേപ സഹകരണം കൂടുതല്‍ ശക്തമാക്കാനുള്ള താല്‍പര്യം ഇരു വിഭാഗവും പ്രകടിപ്പിച്ചു. ഗാസയില്‍ യുദ്ധം നിര്‍ത്താനും മാനുഷിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനും അന്താരാഷ്ട്ര സമൂഹം കൂടുതല്‍ പ്രയത്‌നങ്ങള്‍ നടത്തണം. ആക്രമണം നിര്‍ത്താനും അന്താരാഷ്ട്ര നിയമം പാലിക്കാനും തടസ്സങ്ങളേതുമില്ലാതെ റിലീഫ് വസ്തുക്കള്‍ ഗാസയില്‍ എത്തിക്കുന്നത് എളുപ്പമാക്കാനും അന്താരാഷ്ട്ര സമൂഹം ഇസ്രായിലിനു മേല്‍ സമ്മര്‍ദം ചെലുത്തണം. യു.എന്‍ രക്ഷാ സമിതി, ജനറല്‍ അസംബ്ലി പ്രമേയങ്ങള്‍ക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയ പ്രോത്സാഹിപ്പിക്കണമെന്നും സൗദി അറേബ്യയും പാക്കിസ്ഥാനും ആവശ്യപ്പെട്ടു. ജമ്മുകശ്മീര്‍ തര്‍ക്കം അടക്കം പാക്കിസ്ഥാനും ഇന്ത്യക്കുമിടയില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും നേരിട്ട് ചര്‍ച്ചകള്‍ നടത്തേണ്ടത് പ്രധാനമാണെന്നും സൗദി കിരീടാവകാശിയും പാക് പ്രധാനമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ച വിലയിരുത്തി.