മാവേലിക്കര– ഒന്നര കിലോയോളം കഞ്ചാവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ. മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്ണ (35)യെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഹരിപ്പാട് ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടറായ ഇയാൾ 2010 മുതൽ സർവീസിൽ പ്രവർത്തിക്കുന്നു. കഞ്ചാവ് വിൽപന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ്.
ബുധനാഴ്ച പുലർച്ചെ മാവേലിക്കര മൂന്നാംകുറ്റി ആലിൻചുവട് ജംഗ്ഷനിൽ വാഹന പരിശോധനയ്ക്കിടെ 1.286 കിലോ കഞ്ചാവുമായാണ് ജിതിൻ പിടിയിലായത്. ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. പ്രിവന്റീവ് ഓഫിസർമാരായ സി.പി. സാബു, എം. റെനി, ബി. അഭിലാഷ്, പി. അനിലാൽ, ടി. ജിയേഷ്, കെ.ആർ. രാജീവ്, സിവിൽ എക്സൈസ് ഓഫിസർമാരായ സാജൻ ജോസഫ്, സുലേഖ, ഭാഗ്യനാഥ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ മാവേലിക്കര മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.