മലപ്പുറം– ചെമ്മാട് ദാറുൽ ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലേക്ക് സി.പി.എം നടത്തിയ മാർച്ചിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രൂക്ഷ വിമർശനം ഉന്നയിച്ചു. സ്ഥാപനത്തിനെതിരായ മാർച്ച് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും, പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ മാനേജ്‌മെന്റുമായി ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നത് അനുവദനീയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുടിവെള്ള മലിനീകരണവും പാടം മണ്ണിട്ട് നികത്തലും ആരോപിച്ചാണ് സി.പി.എം തിരൂരങ്ങാടി ഏരിയ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചത്. എന്നാൽ, സമസ്ത മുശാവറ അംഗവും ദാറുൽ ഹുദ വൈസ് ചാൻസലറുമായ ഡോ. ബഹാഉദ്ദീൻ നദ്‌വിയെ പൂർണ്ണമായും ലക്ഷ്യമിട്ടായിരുന്നു മാർച്ച് അരങ്ങേറിയത്. പരിസ്ഥിതി പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിന് പകരം, മാർച്ചിൽ സി.പി.എം നേതാക്കൾ സ്ഥാപനത്തെയും ബഹാഉദ്ദീൻ നദ്‌വിയെയും അധിക്ഷേപിക്കുന്ന പ്രസംഗങ്ങളാണ് നടത്തിയത്.
സി.പി.എം തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗം ടി. കാർത്തികേയന്റെ വിവാദ പ്രസ്‌താവന സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. ദാറുൽ ഹുദയിൽ നിന്ന് “നാടിന്റെ ബഹുസ്വരതക്ക് നിരക്കാത്ത” ആശയങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും, ചില താലിബാനിസ്റ്റുകൾ ഇസ്‌ലാമിനെ “സാമ്രാജ്യത്വ ഏജന്റായി” ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ജമാഅത്തെ ഇസ്‌ലാമിയും ചില സലഫി ഗ്രൂപ്പുകളും ഇതിന് മുന്നിൽ നിൽക്കുന്നുവെന്നും കാർത്തികേയൻ പറഞ്ഞു.
മറ്റൊരു സി.പി.എം നേതാവ് സി. ഇബ്രാഹിംകുട്ടി, ബഹാഉദ്ദീൻ നദ്‌വി “ലീഗിന്റെ കോളാമ്പിയായി” പ്രവർത്തിക്കുന്നുവെന്നും, “ചുവന്ന കൊടി കാണുമ്പോൾ ക്യമികടി” അനുഭവപ്പെടുന്നുവെന്നും പരിഹസിച്ചു. ഈ പ്രസ്‌താവനകളും സോഷ്യൽ മീഡിയയിൽ വൈറലായി.
പരിസ്ഥിതി പ്രശ്‌നങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ച് വ്യക്തിപരമായ ആക്രമണമായി മാറിയെന്നും, ഇസ്‌ലാമോഫോബിയ വളർത്തുന്ന തരത്തിലുള്ള പ്രസ്‌താവനകൾ നിറഞ്ഞതാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മറ്റ് സ്ഥാപനങ്ങൾ സമാനമായ പാടം നികത്തൽ നടത്തിയിട്ടും ദാറുൽ ഹുദയെ മാത്രം ലക്ഷ്യമിട്ട മാർച്ച് ദുരുദ്ദേശ്യപരമാണെന്നാണ് വിലയിരുത്തൽ. എൽ.ഡി.എഫിലെ മറ്റ് ഘടകകക്ഷികൾക്കും ഈ നീക്കത്തിൽ അതൃപ്തിയുണ്ടെന്ന് സൂചനകളുണ്ട്.