തൃശൂർ– തൃശൂരിലെ വോട്ടർ പട്ടികയിലെ ക്രമകേടുകളുടെ വിവാദം ഒഴിയുന്നില്ല. തൃശൂർ എം. പിയും കേന്ദ്ര ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ട വോട്ട്. സഹോദരനായ സുഭാഷ് ഗോപിക്കും ഭാര്യ റാണി സുഭാഷിനുമാണ് ഇരട്ട വോട്ടുകൾ ഉണ്ടെന്ന് കണ്ടെത്തിയത്. തൃശൂരിൽ വോട്ടുണ്ടായിരുന്ന ഇരുവരും കൊല്ലത്തെ വോട്ടർ പട്ടികയിലും പേര് വന്നത് ഏറെ വിവാദത്തിലേക്ക് വഴി വെച്ചിരിക്കുകയാണ്.
കൊല്ലം ലോക്സഭ മണ്ഡലത്തിൽ ഇരുവിപുരം 84-ാം നമ്പർ ബൂത്തിലെ വോട്ടർ ലിസ്റ്റിലാണ് ഇരുവരുടെയും പേര് ഇടം നേടിയിരിക്കുന്നത്. കുടുംബപേരായ ലക്ഷ്മിനിവാസ് എന്ന അഡ്രസ്സിൽ 1114,1116 എന്നിങ്ങനെ ക്രമനമ്പറിൽ ആണ് ഇവരുടെ പേര് കണ്ടെത്തിയിരിക്കുന്നത്.
അതെ സമയം, വോട്ടർ പട്ടികയിലെ ക്രമകേടുകളിൽ സുരേഷ് ഗോപി ഇതു വരെ പ്രതികരിച്ചിട്ടില്ല. ഇന്നു ഡൽഹിയിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉയർത്തിയെങ്കിലും മറുപടി ഒന്നും നൽകാതെ വാഹനത്തിൽ കയറി പോവുകയായിരുന്നു.