തെഹ്‌റാന്‍ – സംവാദം എന്നാല്‍ പരാജയമോ കീഴടങ്ങലോ അല്ലെന്ന ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാന്റെ സമീപകാല പ്രസ്താവനകളെ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് രാഷ്ട്രീയകാര്യ ഡെപ്യൂട്ടി അസിസ്റ്റന്റ് അസീസ് ഗസന്‍ഫരി നിശിതമായി വിമര്‍ശിച്ചു.
വിദേശനയ രംഗം എല്ലാ സത്യങ്ങളും പറയാനുള്ള സ്ഥലമല്ലെന്ന് ഇറാന്‍ ഒബ്‌സര്‍വേറ്ററി പ്ലാറ്റ്‌ഫോം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഗസന്‍ഫരി പ്രസ്താവിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ ആവര്‍ത്തിച്ചുള്ള നാക്കുപിഴകള്‍ ദേശീയ താല്‍പര്യങ്ങള്‍ക്ക് ദോഷം വരുത്തും. ഇത് ആഭ്യന്തരമായും അന്തര്‍ദേശീയമായും രാഷ്ട്രീയ തന്ത്രങ്ങള്‍ക്കുള്ള സാധ്യത കുറക്കും.
2024 ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പെസഷ്‌കിയാന്‍ തെറ്റുകള്‍ ഒഴിവാക്കാനായി പലപ്പോഴും എഴുതിയ നോട്ടുകളാണ് വായിച്ചിരുന്നത്. പ്രസിഡന്റായതിനാല്‍ ഇപ്പോള്‍ ഈ രീതി പാലിക്കേണ്ടത് കൂടുതല്‍ പ്രധാനമാണ്. കാരണം, ഓരോ വാക്കും വാക്യവും ഒരു പ്രത്യേക അര്‍ഥം വഹിക്കുന്നു. മാധ്യമങ്ങളും വിദേശ ശക്തികളും സ്വന്തം ലക്ഷ്യങ്ങള്‍ക്കനുസരിച്ച് അവ വ്യാഖ്യാനിക്കുന്നു.
ഈ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ ആവശ്യമായ സംവിധാനങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഗസന്‍ഫരി പ്രസിഡന്റിനോടും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളോടും ആവശ്യപ്പെട്ടു.
തെറ്റായ പ്രസ്താവനകള്‍ ദേശീയ സുരക്ഷയെ ദോഷകരമായി ബാധിക്കുമെന്നും ഗസന്‍ഫരി പറഞ്ഞു. സംവാദവും ചര്‍ച്ചയും തോല്‍വിയോ കീഴടങ്ങലോ അര്‍ഥമാക്കുന്നില്ലെന്ന് ഞായറാഴ്ച മാധ്യമളുമായും മാനേജര്‍മാരുമായും നടത്തിയ കൂടിക്കാഴ്ചക്കിടെ പെസഷ്‌കിയാന്‍ പ്രസ്താവിച്ചു. ആണവ പ്രശ്‌നത്തില്‍ ഇറാനും അമേരിക്കയും തമ്മില്‍ ഈ മാസാദ്യം പുതിയ റൗണ്ട് പരോക്ഷ ചര്‍ച്ചകള്‍ നടക്കുമെന്ന പ്രതീക്ഷകള്‍ക്കിടയിലാണ് പ്രസിഡന്റിന്റെ വിവാദ പ്രസ്താവന പുറത്തുവന്നത്.
ഒമാന്റെ മധ്യസ്ഥതയില്‍ ഇറാനും അമേരിക്കയും നേരത്തെ അഞ്ച് റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ജൂണില്‍ ഇറാനും ഇസ്രായിലും തമ്മിലുള്ള യുദ്ധത്തെ തുടര്‍ന്ന് ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ ആക്രമണങ്ങള്‍ നടത്തി അമേരിക്കയും യുദ്ധത്തില്‍ പങ്കെടുത്തു. യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ പൂര്‍ണമായും നിര്‍ത്തണമെന്ന അമേരിക്കയുടെ ആവശ്യത്തില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നു. ഈ ആവശ്യം ഇറാന്‍ നിരാകരിക്കുന്നു.