കൊച്ചി – മണി ചെയിന്‍ മാത്യകയില്‍ നിക്ഷേപകരില്‍ നിന്ന് 1693 കോടി രൂപ തട്ടിയ ഹൈറിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ സി ബി ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. തൃശൂര്‍ ആസ്ഥാനമായ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് 1630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഒരു കോടിയിലധികം നിക്ഷേപകരില്‍ നിന്നാണ് 1693 കോടി രൂപ മണി ചെയിന്‍ മാതൃകയില്‍ ഹൈറിച്ച് കമ്പനി ഉടമകള്‍ തട്ടിയെടുത്തത്. രണ്ട് ഡോളറിന്റെ ഹൈറിച്ച് കോയിന്‍ എടുത്താല്‍ 10 ഡോളര്‍ ആക്കി മടക്കി നല്‍കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. കമ്പനിയുടെ മോഹന വാഗ്ദാനത്തില്‍ വീണ് ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുമുണ്ട്. നിരവധി പ്രവാസി മലയാളികളും തട്ടിപ്പിനിരയായിട്ടുണ്ട്.
തട്ടിപ്പില്‍ ഇ ഡി അന്വേഷണം ആരംഭിച്ചിരുന്നു. വന്‍ തുക ഈ കമ്പനിയില്‍ നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ ഇ ഡി തേടുന്നുണ്ട്. ഏകദേശം 3141 കോടിയിലേറെ രൂപ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും ഹൈറിച്ച് സമാഹരിച്ചതായാണ് സംസ്ഥാന പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്.
100 കോടി രൂപയുടെ ഹവാല കടത്തുമായി ബന്ധപ്പെട്ടാണ് ഇ ഡി ഈ കേസില്‍ അന്വേഷണം ആരംഭിച്ചത്. ഇതിനിടെ, 126 കോടി രൂപ വെട്ടിച്ചുവെന്ന് സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തുകയും ഉടമയായ കെ ഡി പ്രതാപന്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. ഇക്കാര്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ച 12 പേജ് വരുന്ന എതിര്‍ സത്യവാങ്മൂലത്തില്‍ ഇ ഡി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി പലചരക്ക് ഉള്‍പ്പെടെ സാധനങ്ങള്‍ വില്‍ക്കുന്ന കമ്പനി ഓണ്‍ലൈന്‍ മണിചെയിന്‍ അടക്കം ആരംഭിക്കുകയും ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളില്‍നിന്ന് നിക്ഷേപം വാങ്ങി തട്ടിപ്പ് നടത്തുകയും ചെയ്തു എന്നതടക്കം ഒട്ടേറെ പരാതികള്‍ നിലവിലുണ്ട്.