ദോഹ– ഗാസാ മുനമ്പിന്റെ പൂർണ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്രായിൽ പദ്ധതിയെ ശക്തമായി അപലപിച്ച് ഖത്തർ. കഴിഞ്ഞ രണ്ട് വർഷമായി ഇസ്രായിൽ ആക്രമണത്തിൽ പട്ടിണിയും പോഷകക്കുറവും കാരണം കഷ്ടപ്പെടുന്ന ഫലസ്തീനികളെ ഈ തീരുമാനം കൂടുതൽ ബാധിക്കാൻ ഇടയാക്കുമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി.
ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അന്താരാഷ്ട്ര സമൂഹത്തോട് ഇസ്രായിലിനെതിരെ ഉടൻ നടപടി സ്വീകരിക്കാൻ ആഹ്വാനം ചെയ്തു. ഫലസ്നതീനികൾക്ക് നേരെ നടത്തുന്ന മാനുഷിക നിയമ ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, ഗാസയിലേക്ക് മാനുഷിക സഹായം തടസ്സമില്ലാതെ എത്തിക്കാൻ ഇടപെടണമെന്നും ഖത്തർ അന്താരാഷ്ട്ര സമൂഹത്തോട് ആശ്യപ്പെട്ടു. കിഴക്കൻ ജെറുസലേം തലസ്ഥാനമായി 1967ൽ തീരുമാനിച്ച സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനുള്ള പിന്തുണയും ഖത്തർ ആവർത്തിച്ചു.