വാഷിങ്ടൺ– റഷ്യ–ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിനും തയ്യാറായി. ഈ മാസം 15-ന് അമേരിക്കയിലെ അലാസ്കയിലാണ് കൂടിക്കാഴ്ച നടക്കാൻ സാധ്യതയെന്ന് വിവരം. സമാധാന കരാർ എത്തിച്ച് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
2022-ൽ ആരംഭിച്ച റഷ്യ–ഉക്രൈൻ യുദ്ധത്തിനു ശേഷം ഇരു രാജ്യങ്ങളുടെയും നേതാക്കൾ ആദ്യമായാണ് ചർച്ചയ്ക്ക് തയ്യാറാവുന്നത് . ഇരു രാജ്യങ്ങളിലെയും പ്രസിഡണ്ട്മാർ അവസാനമായി കൂടിക്കാഴ്ച നടത്തിയത് 2021ലാണ്. അന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനായിരുന്നു.
റഷ്യൻ വക്താവ് യൂരി ഉഷകോവ് കൂടിക്കാഴ്ചയുടെ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുമായി കൂടികാഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുടിൻ പങ്കുവെച്ചതായും റിപ്പോർട്ടിൽ പറയുന്നു.
“കൂടിക്കാഴ്ച വലിയ പ്രതീക്ഷ നൽകുന്നതാണ്,” എന്ന് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് വഴി അറിയിച്ചു.
2022 ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധത്തിന് പിന്നാലെ പല തവണ വെടിനിർത്തൽ ചർച്ചകൾക്കായി ഉക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്കി ആവശ്യം അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ പുടിൻ ചർച്ചക്ക് തയ്യാറായിരുന്നില്ല.